ദുബൈ: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച റസിഡൻറ് വിസക്കാരായ ഇന്ത്യക്കാർക്ക് ദുബൈയിലേക്ക് പ്രവേശനാനുമതി. ജൂൺ 23 മുതലാണ് അനുമതി നൽകിയിരിക്കുന്നത്. ദുബൈ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച മുതൽ വിമാന സർവീസ് തുടങ്ങുമെന്ന് എമിറേറ്റ്സ് എയർലെൻസ് അറിയിച്ചു. ഇതോടെ, ട്രാവൽ ഏജൻസികൾ ദുബൈയിലേക്കുള്ള ബുക്കിങ് തുടങ്ങി. നാട്ടിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമേകുന്ന തീരുമാനമാണിത്.
യു.എ.ഇ അംഗീകരിച്ച വാക്സിൻ സ്വകീരിച്ചവർക്കാണ് അനുമതി നൽകാൻ ഒരുങ്ങുന്നത്. അസ്ട്രസിനിക്ക, ഫൈസർ, സിനോഫാം, സ്പുട്നിക് എന്നീ വാക്സിനുകൾക്കാണ് യു.എ.ഇ അംഗീകാരം നൽകിയിരിക്കുന്നത്. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡാണ് യു.എ.ഇയിൽ അസ്ട്രസിനിക്ക എന്ന പേരിൽ വിതരണം ചെയ്യുന്നത്. വാക്സിനേഷൻ പൂർത്തീകരിച്ചാലും സന്ദർശക വിസക്കാർക്ക് പ്രവേശനം ഉണ്ടാവില്ല. ഇന്ത്യക്ക് പുറമെ നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലുള്ളവർക്കും മടങ്ങിയെത്താമെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർക്കുള്ള മറ്റ് നിബന്ധനകളിലും മാറ്റം വരുത്തിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പരിശോധന ഫലം ഹാജരാക്കണം. പി.സി.ആർ ഫലത്തിൽ ക്യ ആർ കോഡ് നിർബന്ധം. യാത്രക്ക് നാല് മണിക്കൂറിനുള്ളിൽ റാപിഡ് പി.സി.ആർ ടെസ്റ്റും നടത്തണം. ദുബൈ വിമാനത്താവളത്തിൽ എത്തുേമ്പാൾ പരിശോധന നടത്തണം. 24 മണിക്കൂറിനുള്ളിൽ ഫലം വരും. അതുവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.