യു.എ.ഇയിൽ പ്രതിഷേധിച്ച ബം​ഗ്ലാദേശികൾക്ക് തടവും നാടുകടത്തലും

ദുബൈ: യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിൽ കൂട്ടംകൂടി പ്രതിഷേധിച്ച ബംഗ്ലാദേശ്​ പൗരൻമാർക്ക്​ ശിക്ഷ വിധിച്ച്​ അബൂദബി ഫെഡറൽ അപ്പീൽ കോടതി. മൂന്നു പേർക്ക് ജീവപര്യന്തം തടവും 53 പേർക്ക് 10 വർഷം തടവും നാടുകടത്തലും ഒരാൾക്ക് 11 വർഷം തടവും നാടുകടത്തലുമാണ്​ ശിക്ഷ വിധിച്ചിരിക്കുന്നത്​. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിലാണ്​ വിചാരണ നടത്തി കോടതി വിധി പറഞ്ഞിരിക്കുന്നത്​. ബം​ഗ്ലാദേശിൽ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി

ബന്ധപ്പെട്ടാണ് പ്രതികൾ യു.എ.ഇയിൽ പ്രതിഷേധിച്ചത്. സ്വന്തം രാജ്യത്തെ സർക്കാരിനെ സമ്മർദത്തിലാക്കാൻ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും കലാപത്തിന് പ്രേരിപ്പിച്ചതിനുമാണ്​ മൂന്ന് പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്​. 54പേരെ തടവുശിക്ഷക്ക്​ ശേഷമാണ്​ നാടുകടത്താൻ ഉത്തരവിട്ടിട്ടുള്ളത്​. ഇവരിൽ നിന്ന്​ പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

യു.എ.ഇയിലെ പല തെരുവുകളിലും അനധികൃതമായി സംഘം ചേർന്നതിനും കലാപത്തിന് പ്രേരിപ്പിച്ചതിനും അറസ്‌റ്റിലായ ബംഗ്ലാദേശി പൗരന്മാർക്കെതിരെ അടിയന്തര അന്വേഷണത്തിന് യു.എ.ഇ അറ്റോർണി ജനറൽ ചാൻസലർ ഡോ. ഹമദ് സൈഫ്​ അൽ ശംസി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. 30 പേരടങ്ങുന്ന സംഘത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പൊതുസ്ഥലത്ത് ഒത്തുകൂടൽ, അസമാധാനം ഉണ്ടാക്കൽ, പൊതു സുരക്ഷ തടസ്സപ്പെടുത്തൽ, ഒത്തുചേരലുകളും പ്രതിഷേധങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഓഡിയോ വിഷ്വൽ ദൃശ്യങ്ങൾ ഓൺലൈനിൽ റെക്കോർഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യൽ എന്നിവയിലെ പങ്കാളിത്തം സ്ഥിരീകരിച്ചതോടെയാണ്​ പ്രതികളെ വിചാരണക്ക്​ വിധേയരാക്കിയത്. പ്രതികളിൽ പലരും തങ്ങൾ ആരോപിക്കപ്പെട്ട കുറ്റങ്ങൾ സമ്മതിച്ചു.

ബംഗ്ലാദേശ് സർക്കാരിന്‍റെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് യു.എ.ഇയിലെ പല തെരുവുകളിലും പ്രതികൾ ഒത്തുകൂടുകയും വലിയ തോതിലുള്ള മാർച്ചുകൾ സംഘടിപ്പിക്കുകയും ചെയ്തുവെന്ന് ഒരു സാക്ഷി കോടതിയിൽ മൊഴി നൽകി. ഇത് കലാപം, പൊതു സുരക്ഷ തടസ്സപ്പെടുത്തൽ, നിയമപാലകരെ തടസ്സപ്പെടുത്തൽ, പൊതു-സ്വകാര്യ സ്വത്ത് അപകടപ്പെടുത്തൽ എന്നിവയിലേക്ക് നയിച്ചു. പൊലീസ്​ പ്രതിഷേധക്കാർക്ക് താക്കീത് നൽകുകയും പിരിഞ്ഞുപോകാൻ നിർദ്ദേശം നൽകുകയും ചെയ്‌തിട്ടും പ്രതികരിച്ചിരുന്നില്ല. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ നടന്ന വിചാരണയിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

കോടതി നിയോഗിച്ച പ്രതിഭാഗം അഭിഭാഷകൻ ഒത്തുകൂടലിന് ക്രിമിനൽ ഉദ്ദേശ്യമില്ലെന്നും തെളിവുകൾ അപര്യാപ്തമാണെന്നും പ്രതികളെ വെറുതെ വിടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, കോടതി ഇവരുടെ കുറ്റത്തിന് മതിയായ തെളിവുകൾ കണ്ടെത്തിയതോടെ അതനുസരിച്ച് ശിക്ഷ വിധിക്കുകയായിരുന്നു.

Tags:    
News Summary - Bangladeshis who protested in the UAE were jailed and deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.