ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈയിലെ പൗര, ബിസിനസ് പ്രമുഖരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ, അർധസർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ മേധാവികൾ, നിക്ഷേപകർ തുടങ്ങിയവർ ദുബൈ യൂനിയൻ ഹൗസിൽ നടന്ന പ്രതിവാര മജ്ലിസിൽ പങ്കെടുത്തു.
ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും മജ്ലിസിൽ പങ്കെടുത്തു. യു.എ.ഇയുടെ സമഗ്രമായ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനും വിവിധ മേഖലകളിൽ നേതൃസ്ഥാനം ശക്തമാക്കുന്നതിനും സഹകരണത്തെ കുറിച്ച് ശൈഖ് മുഹമ്മദ് യോഗത്തിൽ പറഞ്ഞു.
പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം വർധിപ്പിച്ച് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അതുവഴി വരും തലമുറകൾക്ക് സമൃദ്ധമായ ഭാവി ഉറപ്പാക്കുന്നതിനും പങ്കുവഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് സഹമന്ത്രി ഉമർ ബിൻ സുൽത്താൻ അൽ ഉലമയുടെ പ്രഭാഷണവും മജ്ലിസിൽ നടന്നു. ‘യു.എ.ഇയും ആർട്ടിഫിഷ്യൽ ഇൻറലിജൻസും: ശതാബ്ദിയിലേക്കുള്ള ഒരു യാത്ര’ എന്ന തലക്കെട്ടിലായിരുന്നു പ്രഭാഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.