ദുബൈ: പൊതു ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) 636 പുതിയ ബസുകൾ വാങ്ങാൻ കരാർ നൽകി. 450 സിറ്റി ബസുകൾ, 146 ഡബ്ൾ ഡക്കർ ബസുകൾ, 40 ഇലക്ട്രിക് ബസുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ഈ വർഷവും അടുത്ത വർഷവുമായി ബസുകൾ നിരത്തിലെത്തുമെന്നാണ് സൂചന.
കുറഞ്ഞ കാർബൺ പുറന്തള്ളുന്ന യൂറോ 6 സ്പെസിഫിക്കേഷനോട് കൂടിയ ബസുകളാണ് വാങ്ങുന്നത്. നിശ്ചയ ദാർഢ്യവിഭാഗങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ലോ ഫ്ലോർ ബസുകളാണ് നിരത്തിലെത്തുക. വൈഫൈ സേവനങ്ങൾ, മൊബൈൽ ഫോൺ റീചാർജിങ് പോയന്റുകൾ, യാത്ര സുഖകരമാക്കുന്ന രീതിയിലുള്ള സീറ്റ് സൗകര്യങ്ങൾ എന്നിവ പുതിയ ബസുകളുടെ സവിശേഷതയാണ്.
2030ഓടെ ദുബൈ നിവാസികളുടെ പൊതു ഗതാഗത സംവിധാനങ്ങളുടെ ഉപയോഗം 25 ശതമാനമായി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്. 2025 ഓടെ കാർബൺ മുക്തമാക്കുകയെന്ന ലക്ഷ്യത്തെ പിന്തുണക്കുന്ന രീതിയിലാണ് ബസിന്റെ രൂപകൽപനയും നിർമാണവും.
കൂടാതെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക നഗരമായി ദുബൈയെ മാറ്റുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഡി33 അജണ്ടയെ പിന്തുണക്കുന്നതാണ് തീരുമാനമെന്ന് ആർ.ടി.എ ബോർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മതാർ അൽ തായർ പറഞ്ഞു. 636 ബസുകളിൽ 40 ഇലക്ട്രിക് ബസുകൾ ചൈനീസ് കമ്പനിയായ സോങ്തോങ്ങിന്റെതാണ്.
450 സിറ്റി ബസുകളിൽ നിന്ന് 400 എണ്ണം ജർമൻ വാഹന ഭീമന്മാരായ ഫോക്സ്വാഗണിന്റെ സബ്സിഡിയറി കമ്പനിയായ ‘മാൻ’ എന്ന ബ്രാൻഡിന്റേതും, 50 എണ്ണം സോങ്തോങ്ങിന്റെതുമാണ്. 146 ഡബ്ൾ ഡക്കർ ബസുകളിൽ 76 എണ്ണം വോൾവോയും 70 എണ്ണം ഇസൂസുവിന്റെതുമാണ്.
ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളിലും പുതിയ ജില്ലകളിലും ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള സവിശേഷതകളാണ് ബസുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനും ബസുകൾക്ക് കഴിയും. നഗര-പ്രാന്ത പ്രദേശങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ യുനൈറ്റഡ് നേഷൻ വെഹിക്ക്ൾ കാറ്റഗറി ക്ലാസ് 11 വിഭാഗത്തിൽ ഉൾപ്പെട്ടതാണ് പുതിയ ബസുകൾ.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശം അനുസരിച്ചും ദുബൈ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മേൽനോട്ടത്തിലുമാണ് കരാർ ഒപ്പുവെച്ചതെന്നും ആർ.ടി.എ ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.