ബർദുബൈ ഗ്രാൻഡ് മോസ്കിന്‍റെ കൂറ്റൻ മിനാരം ഉയർന്നുനിൽക്കുന്നു. ദുബൈയിലെ ഏറ്റവും ഉയരമുള്ള മിനാരമാണിത് 

ബർദുബൈ ഗ്രാൻഡ് മോസ്ക്; പ്രവാസികളുടെ നൊസ്റ്റാൾജിയ

ആദ്യകാല പ്രവാസികൾക്ക് ഏറെ ആത്മബന്ധമുള്ള നഗരമാണ് ബർദുബൈ. ജോലിതേടി വിമാനം കയറിയവർക്ക് ആശ്രയമായിരുന്നു ബർദുബൈയും അതിനടുത്തുള്ള ദേരയും നായ്ഫുമെല്ലാം. ഇന്നും മലയാളികൾ ഏറെ തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്. ആദ്യകാല പ്രവാസികളുടെ നൊസ്റ്റാൾജിയയിൽ ഇപ്പോഴും അണയാതെ കിടക്കുന്ന പള്ളിയാണ് ബർദുബൈയിലെ ഗ്രാൻഡ് മോസ്ക്, പ്രവാസത്തിന്‍റെ തുടക്കകാലത്ത് ഈ പ്രദേശത്തുണ്ടായിരുന്ന അപൂർവം മസ്ജിദുകളിലൊന്ന്. മലയാളികളുടെ നോമ്പുതുറയും തറാവീഹുമെല്ലാം ഇവിടെയായിരുന്നു. ചെറുകിട, വൻകിട കച്ചവടക്കാരെല്ലാം വൈകുന്നേരങ്ങളിൽ ഇവിടെ ഒത്തുചേർന്നിരുന്നു.

120 വർഷം പഴക്കമുണ്ട് പള്ളിക്ക്. ദുബൈ മ്യൂസിയത്തിനും ടെക്സ്റ്റൈൽ സൂക്കിനുമിടയിൽ 1900ത്തിലാണ് പള്ളി നിർമിച്ചത്. 1960ൽ പുനർനിർമിച്ചു. 1998ലാണ് ഇപ്പോഴത്തെ രൂപത്തിലേക്കെത്തിയത്. അമുസ്ലിംകൾക്കും പ്രവേശനമുള്ളതിനാൽ ദുബൈയുടെ സാംസ്കാരിക കേന്ദ്രമായി കൂടി അറിയപ്പെടുന്നു. സന്ദർശകർക്ക് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 11.30 വരെയാണ് പ്രവേശനം. 1200 പേർക്ക് ഒരേ സമയം നമസ്കരിക്കാനുള്ള സൗകര്യമുണ്ട്.

ഖുർആൻ പഠനകേന്ദ്രമായാണ് ഇത് തുടങ്ങിയത്. 1900ൽ ആദ്യമായി ഖുർആൻ പഠിതാക്കളെ സ്വാഗതം ചെയ്തു. പിന്നീട് പള്ളിയായി രൂപാന്തരപ്പെടുകയായിരുന്നു. 1900ൽ ഉണ്ടായിരുന്നു അതേ രൂപത്തിലാണ് 1998ൽ പുനർനിർമിച്ചത്. 54 താഴികക്കുടങ്ങളുള്ള പള്ളി ദുബൈയിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ്. 45 താഴികക്കുടങ്ങൾ ചെറുതാണ്. ഒമ്പതെണ്ണം വലുതും. മിനാരങ്ങൾക്ക് 70 മീറ്റർ ഉയരമുണ്ട്. ദുബൈയിലെ ഏറ്റവും ഉയരമുള്ള മിനാരം ഈ പള്ളിയുടേതാണ്.

ലൈറ്റ്ഹൗസുകളെ അനുസ്മരിപ്പിക്കും വിധമാണ് ഇതിന്‍റെ നിർമാണം. മണൽ കലർന്ന ചാരനിറത്തിലാണ് ചുവരുകൾ. പഴയ പട്ടണമായ ബർദുബൈക്ക് ചേർന്ന രീതിയിലാണ് നിർമാണം. പ്രവേശന കവാടത്തിന് മുകളിൽ വലുപ്പത്തിൽ അറബിവാക്യങ്ങൾ എഴുതിയിട്ടുണ്ട്. മാന്യമായ വസ്ത്രം ധരിച്ചുവേണം ഉള്ളിൽ പ്രവേശിക്കാനെന്ന് അധികൃതർ നിർദേശിക്കുന്നു. 

Tags:    
News Summary - Bardubai Grand Mosque; Nostalgia of expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.