അബൂദബി: ഔദ്യോഗിക സന്ദർശനത്തിന് യു.എ.ഇയിലെത്തിയ സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽ അസദ് അബൂദബി ഖസ്ർ അൽവതനിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വികസിപ്പിക്കാൻ ലക്ഷ്യമിട്ട് നടന്ന കൂടിക്കാഴ്ചയിൽ ക്രിയാത്മക ചർച്ചകൾ നടന്നതായി ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. മേഖലയുടെയും സിറിയയുടെയും സ്ഥിരതയും പുരോഗതിയുമാണ് പ്രധാനമായും ചർച്ചയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മാർച്ചിലും അസദ് യു.എ.ഇയിൽ സന്ദർശനത്തിനെത്തിയിരുന്നു. 2011ൽ സിറിയയിൽ ആഭ്യന്തര യുദ്ധം ആരംഭിച്ച ശേഷമുള്ള അറബ് രാജ്യത്തേക്കുള്ള ആദ്യ സന്ദർശനമായിരുന്നു അത്.
സിറിയയെയും അതിന്റെ സർക്കാറിനെയും സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കണമെന്നാണ് യു.എ.ഇയുടെ നിലപാടെന്നും ഇക്കാര്യം കൂടിക്കാഴ്ചയിൽ ശൈഖ് മുഹമ്മദ് പങ്കുവെച്ചതായും യു.എ.ഇ പ്രസിഡൻറിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പ്രസ്താവിച്ചു.
ഒന്നര പതിറ്റാണ്ടിന്റെ യുദ്ധവും അക്രമവും നാശവും മതിയാക്കാൻ സമയമായി. മേഖലയിൽ സ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കാൻ അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരിയിൽ യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് സിറിയ സന്ദർശിച്ചിരുന്നു. പിന്നീട് ഭൂകമ്പമുണ്ടായ സന്ദർഭത്തിലും സന്ദർശിക്കുകയും സഹായം എത്തിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.