സൗന്ദര്യം തുളുമ്പുന്ന ഷീസ് പാർക്ക്

ശാന്തമായ പ്രദേശം, മനോഹരമായ വെള്ളച്ചാട്ടം, പച്ച വിരിച്ച മൈതാനവും ചുറ്റിലും പ്രകൃതി രമണീയമായ കാഴ്ച്ചകളുമായി കുന്നിൻ ചെരുവിൽ സായാഹ്നങ്ങൾ മനോഹരമാക്കാൻ ഒരിടമുണ്ട് ഷാർജയിൽ. പർവ്വത നിരകൾക്കിടയിൽ കുടുംബവുമൊത്ത്​ കൂടാനും പ്രകൃതിയുടെ മനോഹാര്യത ആസ്വദിക്കാനും ഷീസ് പാർക്ക് അന്വേഷിച്ച്​ നിരവിധി വിനോദ സഞ്ചാരികളാണെത്തുന്നത്. കിഴക്കൻ അറേബ്യൻ ഗൾഫിലെ ഏറ്റവും ഉയരം കൂടിയ പർവതനിരയായ അൽഹജർ മലനിരകളിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ഖോർഫക്കാനിലെ ഷീസ് ഗ്രാമത്തിന്‍റെ പേരിലാണ് പാർക്ക് അറിയപ്പെടുന്നത്. വിനോദ പാർക്കായി സജ്ജീകരിച്ചിരിക്കുന്ന പാർക്ക് സന്ദർശകർക്കും പരമാവധി ഔട്ട്ഡോർ സൗകര്യങ്ങൾ ഒരുക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ഇക്കോടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ പദ്ധതികളിൽ ഒന്നായ ഷീസ് പാർക്ക് 2020ലാണ് പൊതുജനങ്ങൾക്കായി തുറന്നത്. 506 മീറ്റർ നീളമുള്ള ഈന്തപ്പനകളാൽ ചുറ്റപ്പെട്ട വഴികളും, വഴിയോരത്ത് കൊച്ചു കൊച്ച് മരങ്ങളും, ചെടികളും അവക്കരികിൽ പറന്നു നടക്കുന്ന കിളികളുമൊക്കെയായി കൺകുളിർമ്മയേകുന്ന കാഴ്ച്ചയാണ് പാർക്കിലൊരുക്കിയിട്ടുള്ളത്.

മനോഹരമായ വെള്ളച്ചാട്ടമാണ് പാർക്കിലെ ഏറ്റവും വലിയ ആകർഷണം. 25 മീറ്റർ ഉയരമുള്ള വെള്ളച്ചാട്ടം തടാകത്തിലേക്ക് പതിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രകൃതിസൗന്ദര്യത്തിനുപുറമെ, ഒരേസമയം 70 പേർക്ക്​ താമസിക്കാനാവുന്ന ഔട്ട്ഡോർ തിയേറ്ററും ഇവിടെയുണ്ട്. പാർക്കിലെ നിങ്ങളുടെ താമസം ആസ്വദിക്കാൻ രസകരമായ ഷോകളും, കുട്ടികൾക്ക് കളിക്കാനായി ചിൽഡ്രൻസ് പാർക്കുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പാർക്കിൽ നിന്ന് 30 മീറ്റർ ഉയരത്തിൽ പ്രധാന 'വ്യൂ പ്ലാറ്റ്‌ഫോമി'ലേക്ക് നടക്കാനുള്ള മനോഹരമായ നടപ്പാതയും, കുടുംബവും സുഹൃത്തുക്കളുമൊക്കെയായി ആസ്വദിച്ച് ബാർബിക്യൂ തയ്യാറാക്കാനുള്ള ഇടവുമുണ്ട്. വെറും 8 മാസത്തിനുള്ളിലാണ് പാർക്കിന്‍റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത. പാർക്കിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.

Tags:    
News Summary - beautiful shees park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.