ഷാർജ: 'മിഡിൽ ഈസ്റ്റിലെ മികച്ച എയർപോർട്ട്' അവാർഡും എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ നൽകുന്ന 'വോയ്സ് ഓഫ് കസ്റ്റമർ' അംഗീകാരവും നേടി ഷാർജ വിമാനത്താവളം. പ്രതിവർഷം 5 മുതൽ 15 ദശലക്ഷം യാത്രക്കാരുടെ വിഭാഗത്തിലാണ് അംഗീകാരം.
മിഡിൽ ഈസ്റ്റിലെ ഒമ്പതെണ്ണം അടക്കം ലോകമെമ്പാടുമുള്ള 253 വിമാനത്താവളങ്ങളിൽ നിന്നാണ് തെരഞ്ഞെടുപ്പ്. പ്രമുഖ ആഗോള ട്രാവൽ ടെക്നോളജി കമ്പനിയായ അമേഡിയസ് സ്പോൺസർ ചെയ്ത ഇവന്റിലാണ് എ.സി.ഐ വേൾഡിന്റെ എയർപോർട്ട് സർവിസ് ക്വാളിറ്റി അവാർഡ്-2021 ഷാർജ കരസ്ഥമാക്കിയത്.
കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഉപഭോക്താക്കൾക്ക് മുൻതൂക്കം നൽകാനും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കാനും പ്രവർത്തിക്കാനുമുള്ള ശ്രമങ്ങൾക്കാണ് ഷാർജ എയർപോർട്ടിന് 'വോയ്സ് ഓഫ് കസ്റ്റമർ' അംഗീകാരവും ലഭിച്ചത്. സുരക്ഷ നടപടികൾ നടപ്പിലാക്കുന്നതിനും യാത്രക്കാർക്ക് പ്രയോജനപ്രദമായ
സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിമാനത്താവളം നിരന്തര ശ്രമം തുടരുമെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലിം അൽ മിദ്ഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.