മഹാമാരിയുടെ വ്യാപനത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ജാഗ്രത കൈവിടാൻ സമയമായിട്ടില്ല. അടുത്ത ദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഭക്ഷണ ശാലകളും മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഭക്ഷണശാലകളിൽ പാലിക്കേണ്ട നിബന്ധനകൾ ദുബൈ മുനിസിപാലിറ്റിയുടെ ഫുഡ് വാച്ച് വിഭാഗം പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷ്യശാലകളിലെ പൊതുസ്ഥലങ്ങൾ നിർബന്ധമായും അംഗീകൃത അണുനാശിനി ഉപയോഗിച്ച് വ്യത്തിയാക്കണം.
അംഗീകൃത അണുനാശിനികളുടെ വിതരണക്കാരെ തിരഞ്ഞെടുക്കുന്നതിനും വിതരണക്കാരുമായി കരാറുകൾ രൂപപ്പെടുത്തുന്നതിനും ഫുഡ് വാച്ചിന്റെ വിതരണ മാനേജുമെൻറ് ഇൻറർഫേസ് ഉപയോഗിക്കുക. ഉപഭോക്താക്കളുടെയോ മറ്റോ കരസ്പർശമേൽക്കുന്ന ഉപരിതലങ്ങൾ ഓരോ അരമണിക്കൂറിലും പതിവായി വൃത്തിയാക്കണം. കൈകഴുകാനുള്ള സൗകര്യങ്ങൾ ലഭ്യമാണെന്നും എല്ലാ സമയത്തും സോപ്പും വെള്ളവും സജ്ജമാണെന്നും ഉറപ്പാക്കണം.
ഉപഭോക്താക്കൾ ഇടപെടുന്ന സ്ഥലങ്ങളിൽ അംഗീകൃത ഹാൻഡ് സാനിറ്റൈസർ വെക്കണം. ഡോർ ഹാൻഡിലുകൾ കൈകൊണ്ട് പ്രവർത്തിക്കുന്നതാണെങ്കിൽ, കാൽ കൊണ്ട് ഓപ്പറേറ്റ് ചെയ്യാവുന്നതോ ഓട്ടോമാറ്റിക്കോ ആക്കി മാറ്റിസ്ഥാപിക്കണം. എല്ലാ സമയവും സാമൂഹിക അകലം പാലിക്കണം. എല്ലാ ഭക്ഷ്യ ബിസിനസുകളും ഉപഭോക്തൃ പ്രവേശന കവാടങ്ങളിൽ ഉപഭോക്തൃ നിർദേശ പോസ്റ്റർ സ്ഥാപിക്കണം. സൂപ്പർമാർക്കറ്റുകളിലും പോസ്റ്ററിന്റെ ദൃശ്യത കുറവുള്ള വലിയ സ്റ്റോറുകളിലും റോൾ-അപ്പ് ബാനറുകൾ ഉപയോഗിക്കാം. ജീവനക്കാർ കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കണം. തൊട്ടാൽ നിർബന്ധമായും കൈ കഴുകുക.
ജീവനക്കാർക്ക് എന്തെങ്കിലും അസുഖം ഉണ്ടായാൽ ചുമതലയുള്ള വ്യക്തിക്ക് ഉടൻ റിപ്പോർട്ട് ചെയ്യണം. ഏതെങ്കിലും രോഗിയുമായി ബന്ധമുണ്ടെങ്കിലും ജീവനക്കാർ മാനേജ്മെൻറിന് റിപ്പോർട്ട് ചെയ്യണം. വൃത്തിയും അനുയോജ്യവുമായ യൂനിഫോം ധരിക്കുക. മാസ്ക് ശരിയായി ഉപയോഗിക്കണം. ഡിസ്പോസിബിൾ ഹാൻഡ് ഗ്ലൗസുകൾ ഉപയോഗിക്കുകയും സമയമാകുമ്പോൾ മാറ്റുകയും വേണം. ഭക്ഷണം വിതരണം ചെയ്യുമ്പോഴും പണം ശേഖരിക്കുമ്പോഴും പേയ്മെൻറ് ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോഴും സിംഗിൾ യൂസ് ഗ്ലൗസുകൾ ധരിക്കേണ്ടതാണ്. ഡെലിവറിക്കാർ ഓരോ ഡെലിവറിക്ക് ശേഷവും കൈയുറകൾ മാറ്റുകയും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും വേണം.
ഒരൊറ്റ യാത്രയിൽ ഒന്നിലധികം ഡെലിവറികൾ ഉണ്ടെങ്കിൽ, രണ്ട് ഡെലിവറികൾക്കിടയിൽ അംഗീകൃത ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക. വ്യക്തിഗത ശുചിത്വം പരിശോധിക്കുന്നതിനും അസുഖം റിപ്പോർട്ട് ചെയ്യുന്നതിനും ക്ലീനിങ്, അണുവിമുക്തമാക്കൽ എന്നിവ പരിശോധിക്കുന്നതിനും ദുബൈ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത ഏതെങ്കിലും ഡെലിവറി വാഹനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ഫുഡ് വാച്ച് കണക്റ്റ് ആപ്പ് ഉപയോഗിക്കണം. സ്ഥാപന ചുമതലയുള്ളയാൾ വൃത്തിയാക്കാനും അണുവിമുക്തമാക്കാനും മതിയായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. എല്ലാ സമയത്തും പി.പി.ഇ (കൈയുറകൾ, മാസ്കുകൾ), അണുനാശിനി, ക്ലീനിങ് ഉപകരണങ്ങൾ എന്നിവയുടെ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.