ദുബൈ: ഇന്ത്യയുടെ ചെറുകിട, ഇടത്തരം സംരംഭകരുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഡ്രാഗൺ മാർട്ട് രൂപത്തിൽ ദുബൈയിൽ ‘ഭാരത് മാർട്ട്’ നിർമിക്കുന്നു. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ലോജിസ്റ്റിക് മാനേജ്മെന്റ് കമ്പനിയായ ഡി.പി വേൾഡും ഇന്ത്യയുടെ വാണിജ്യ മന്ത്രാലയവും സംയുക്തമായാണ് ജബൽ അലി ഫ്രീ സോണിൽ 2.7 ദശലക്ഷം ചതുരശ്ര അടിയിൽ ‘ഡ്രാഗൺ മാർട്ട്’ നിർമിക്കുന്നത്.
ഇന്ത്യൻ സംരംഭകർക്കും കയറ്റുമതി വ്യവസായികൾക്കും ആഗോള വിപണികളുമായി വ്യാപാര ബന്ധം സ്ഥാപിക്കുന്നതിനുള്ള വാണിജ്യ പ്ലാറ്റ്ഫോം എന്ന നിലയിലാണ് ‘ഭാരത് മാർട്ട്’ വിലയിരുത്തത്.
ആദ്യഘട്ടം 1.3 ദശലക്ഷം അടിയിൽ നിർമാണം പൂർത്തീകരിക്കും. 1500 ഷോറൂമുകൾ, ഏഴു ലക്ഷം ചതുരശ്ര അടിയിൽ ഗ്രേഡ് എ വെയർഹൗസിങ് സൗകര്യം എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. 2026 ഓടെ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. പുതിയ വിപണി ആരംഭിക്കുന്നതോടെ ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള ചെലവ് വലിയ തോതിൽ കുറയുമെന്നാണ് പ്രതീക്ഷ. ദുബൈയിൽ നടന്ന ലോക സർക്കാർ ഉച്ചകോടിയുടെ ഭാഗമായി ബുധനാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ചേർന്നാണ് ‘ഭാരത് മാർട്ടി’ന് തറക്കല്ലിട്ടത്. ഇന്ത്യൻ വ്യാപാരികൾക്ക് മാത്രമായി പ്രത്യേക വിപണി ഒരുക്കുന്നതിലൂടെ യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ശക്തമായ വ്യാപാരബന്ധത്തിന് വഴിയൊരുക്കുകയാണെന്ന് ഡി.പി വേൾഡ് ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലൈം പറഞ്ഞു. 2023ഓടെ എണ്ണയിതര ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറിലെത്തിക്കുകയാണ് യു.എ.ഇയുടെ ലക്ഷ്യം. മെയ്ക്ക് ഇൻ ഇന്ത്യ, ഡി33 പോലുള്ള സർക്കാർ സംരംഭങ്ങൾക്ക് കൂടുതൽ സംഭാവന നൽകിയും ഇന്ത്യൻ നിർമാതാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചും ‘ഭാരത് മാർട്ട്’ ഈ ലക്ഷ്യത്തിന് പിന്തുണ നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.