അബൂദബി: അബൂദബിയിലെ ചില പൊതുഗതാഗത ബസ്സുകളില്‍ യാത്രികര്‍ക്ക് ഇനിമുതല്‍ സൈക്കിളുകളും കൊണ്ടുപോകാം. ഗതാഗത വകുപ്പാണ് ഈ സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. അല്‍റീം ദ്വീപിനെയും ഹുദൈരിയാത്ത് ദ്വീപിനെയും ബന്ധിപ്പിക്കുന്ന 73ാം നമ്പര്‍ ബസ്സുകളിലാണ് സൈക്കിള്‍ കൊണ്ടുപോവുന്നതിന് സൗകര്യമൊരുക്കിയിരിക്കുന്നതെന്ന് അബൂദബി മുനിസിപാലിറ്റീസ് ആന്‍റ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലെ ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്‍റര്‍ (ഐ.ടി.സി.) അറിയിച്ചു. സൈക്കിള്‍ സവാരി സംസ്‌കാരത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
ബസ് യാത്ര പൂര്‍ത്തിയാക്കിയ ശേഷം അവിടെ നിന്ന് നഗരത്തിന്‍റെ മുക്കുമൂലകളിലേക്കും വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും ആളുകള്‍ക്ക് സൈക്കിളില്‍ യാത്ര ചെയ്യുന്നതിന് അവസരമൊരുക്കുകയാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. താമസക്കാരില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നുമെല്ലാം അനുകൂലമായ പ്രതികരണം ഉണ്ടാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ബസ്സിനുള്ളിലെ യാത്രക്കാരെ തടസ്സപ്പെടാത്ത വിധം അന്താരാഷ്ട്ര നിലവാരത്തിലുള്ള സൈക്കിള്‍ റാക്കുകളാണ് ബസ്സില്‍ ഒരുക്കിയിരിക്കുന്നതെന്ന് ഐ.ടി.സി. അറിയിച്ചു.
നിശ്ചയദാർഡ്യ വിഭാഗക്കാരെ കൂടി കണക്കിലെടുത്താണ് ഇതിന്‍റെ രൂപകല്‍പ്പന. കയറാനും ഇറങ്ങാനും പ്രത്യേക റാംപും ബസ്സില്‍ ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അല്‍ റീം ദ്വീപില്‍ നിന്ന് സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍ വഴി ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍, സായിദ് എജ്യുക്കേഷനല്‍ കോംപ്ലക്‌സ്, മര്‍സാന ബീച്ച്, ബാബ് അല്‍ നുജൂം ക്യാപ്, 321 സ്‌പോർട്‌സ് എന്നിവ വഴി കടന്നുപോവുന്ന ആറു ബസ്സുകളിലാണ് സൈക്കിള്‍ റാക്കുകള്‍ ഒരുക്കിയിരിക്കുന്നത്.
സര്‍വീസ് നമ്പരായ 73നു സമീപം സൈക്കിളിന്‍റെ അടയാളം കൂടി ബസ്സില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. രാവിലെ ആറു മുതല്‍ അര്‍ധരാത്രി വരെ ഈ ബസ്സുകള്‍ സര്‍വീസ് നടത്തും. തിരക്കുള്ള സമയത്ത് ഓരോ 30 മിനിറ്റ് ഇടവേളകളിലും അല്ലാത്തപ്പോള്‍ ഒരു മണിക്കൂര്‍ ഇടവേളകളിലുമാവും സര്‍വീസ്. അബൂദബിക്കു ലഭിച്ച യു.സി.ഐ. (യൂനിയന്‍ സൈക്ലിസ്റ്റ് ഇന്‍റര്‍നാഷനല്‍) ബൈക്ക് നഗര പദവി ആഘോഷിക്കല്‍ കൂടിയാണ് ഈ സര്‍വീസ് കൊണ്ടുദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.