ദുബൈ: 10ദിവസം നീണ്ടുനിൽക്കുന്ന ലോകത്തെ ഏറ്റവും വലിയ പുസ്തക വിൽപനയായ ‘ബിഗ്, ബാഡ്, വോൾഫ് ബുക്ക്സ്’ പ്രദർശനവും വിൽപനയും ദുബൈയിൽ ആരംഭിച്ചു. ഏപ്രിൽ 16വരെ നീണ്ടുനിൽക്കുന്ന മേളയിൽ പത്തുലക്ഷത്തിലേറെ പുസ്തകങ്ങളാണ് എത്തിയിരിക്കുന്നത്. കോവിഡ് മഹാമാരി മൂലം ഇടക്കാലത്ത് രണ്ടു വർഷം നിലച്ച മുടങ്ങിയ പ്രദർശനത്തിന്റെ നാലാം എഡിഷനാണ് ഇത്തവണത്തേത്. ദുബൈ കൾചർ ചെയർ പേഴ്സൺ ശൈഖ ലത്വീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രദർശനം ഉദ്ഘാടനം ചെയ്തു. മുൻ കാലങ്ങളിലേത് പോലെ റമദാനിലാണ് ഇത്തവണയും പുസ്തകങ്ങളുടെ അന്താരാഷ്ട്ര ശ്രദ്ധനേടിയ പ്രദർശനം വിരുന്നെത്തിയത്. ദുബൈ സ്റ്റുഡിയോ സിറ്റിയിലാണ് വേദി. വ്യത്യസ്ത വിഷയങ്ങളിലെ പുസ്തകങ്ങൾ അടങ്ങിയ പ്രദർശനത്തിന് ആദ്യദിനങ്ങളിൽ തന്നെ ആയിരങ്ങളാണ് എത്തിച്ചേർന്നത്. ബിസിനസ്, ഡിസൈൻ, കുക്കറി, ബാലസാഹിത്യം തുടങ്ങി വിവിധങ്ങളായ മേഖലകളിലെ പുസ്തകങ്ങൾ ലഭ്യമാണ്. സാധാരണയേക്കാൾ 50 മുതൽ 80 ശതമാനം വരെ കുറഞ്ഞ വിലയിലാണ് പുസ്തകങ്ങൾ വിൽക്കുന്നത്. മേളയുടെ എല്ലാ ദിവസങ്ങളിലും വിലക്കിഴിവ് ലഭ്യവുമാണ്. ദുബൈ കൾചർ ആൻഡ് ആർട്സ് അതോറിറ്റിയുമായി സഹകരിച്ചാണ് വിൽപന ഒരുക്കിയിട്ടുള്ളത്. രാവിലെ 10മുതൽ പുലർച്ചെ 2വരെ പ്രവർത്തിക്കുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.
2009ൽ മലേഷ്യയിലാണ് ബിഗ്, ബാഡ്, വോൾഫ് ബുക്സ് സ്ഥാപിതമായത്. ഇതിനകം പാകിസ്താൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, സിംഗപ്പൂർ തുടങ്ങി 12രാജ്യങ്ങൾ സന്ദർശിച്ച് പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. 2018ലെ ആദ്യ വരവിൽ തന്നെ ദുബൈയിൽ വലിയ പ്രചാരം നേടാൻ ഈ പുസ്തക മേളക്ക് സാധിച്ചു. തുടർന്നാണ് 2019ലും 2022ലും വീണ്ടും പ്രദർശനം ഒരുക്കിയത്. മുൻ വർഷങ്ങളിലെ പങ്കാളിത്തമാണ് ലോകത്തെ ഏറ്റവും വലിയ പുസ്തക വിൽപനയെന്ന സ്ഥാനത്തേക്ക് ഇതിനെ ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.