അബൂദബി: അബൂദബിയിൽ 816 കിലോ മയക്കുമരുന്ന് പിടിച്ചു. 142 പേരെ അറസ്റ്റ് ചെയ്തു. വാട്സ് ആപ് ഉൾപ്പെടെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ മയക്കുമരുന്ന് ലഭ്യമാണെന്ന് അറിയിച്ച് വിൽപന നടത്തിയിരുന്ന സംഘമാണ് അബൂദബി പൊലീസിെൻറ പിടിയിലായത്. യു.എ.ഇയിൽ എവിടെ വേണമെങ്കിലും മയക്കുമരുന്ന് എത്തിച്ചുനൽകാമെന്ന് അവകാശപ്പെട്ടാണ് ഇവർ സോഷ്യൽമീഡിയയിൽ ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും പ്രചരിപ്പിച്ചിരുന്നത്. കൂടുതൽ മേഖലകളിലേക്ക് മയക്കുമരുന്ന് എത്തിക്കാനുള്ള സംഘത്തിെൻറ ശ്രമം പൊലീസ് അട്ടിമറിച്ചു.
മയക്കുമരുന്ന് വിതരണത്തിനും പ്രചാരണത്തിനുമായി ചിത്രങ്ങൾ, വിഡിയോകൾ, ഓഡിയോ സന്ദേശങ്ങൾ എന്നിവ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത് അബൂദബി പൊലീസ് ആൻറി നാർകോട്ടിക്സ് ടീം നിരീക്ഷിച്ച് വരുകയായിരുന്നു.
പിടിയിലായവർ വിവിധ രാജ്യക്കാരാണെന്നും ഇവർ അന്തർദേശീയ ഫോൺ നമ്പറുകളാണ് മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്നതെന്നും ക്രിമിനൽ സുരക്ഷ വിഭാഗത്തിലെ ആൻറി നാർകോട്ടിക്സ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ താഹിർ അൽ ധഹേരി പറഞ്ഞു. രാജ്യത്തിന് പുറത്തുനിന്നായിരുന്നു ഇവരുടെ നിയന്ത്രണം.
പ്രധാന മയക്കുമരുന്ന് കടത്തുകാർ താമസിക്കുന്ന രാജ്യങ്ങളിലെ അധികൃതരുമായി ഏകോപിപ്പിച്ചായിരുന്നു ഓപറേഷൻ. പിടിച്ചെടുത്ത 816 കിലോ ലഹരിവസ്തുക്കൾ സഹിതം പൊലീസ് പ്രതികളെ കോടതിക്ക് മുന്നിൽ ഹാജരാക്കി.
ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ശ്രദ്ധയിൽപെട്ടാൽ 8002626 എന്ന ടോൾഫ്രീ നമ്പറിൽ വിവരമറിയിക്കണമെന്നും പൊലീസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.