ദുബൈ: യു.എ.ഇയിലെ ഫുട്ബാൾ ആരാധകർ കാത്തിരുന്ന പ്രസിഡൻസ് കപ്പിന്റെ കലാശപ്പോരാട്ടത്തിൽ അൽ വസ്ലിന് കൂറ്റൻ ജയം. അൽ ഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ അരങ്ങേറിയ ആവേശം മുറ്റിയ മത്സരത്തിൽ എതിരാളികളായ അൽ നസ്ർ ക്ലബിനെ 4-0ത്തിന് പരാജയപ്പെടുത്തിയാണ് അൽ വസ്ൽ കിരീടമണിഞ്ഞത്. 17വർഷത്തിനു ശേഷമാണ് അൽ വസ്ൽ മൂന്നാം തവണ പ്രസിഡൻസ് കപ്പിൽ മുത്തമിടുന്നത്.
1986ന് ശേഷം ആദ്യമായാണ് പ്രസിഡൻസ് കപ്പിന്റെ ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. പരമ്പരാഗത എതിരാളികളായി കണക്കാക്കപ്പെടുന്ന ടീമുകൾ മൂന്നരപ്പതിറ്റാണ്ട് മുമ്പ് ഏറ്റുമുട്ടിയപ്പോൾ വിജയം അൽ നസ്റിനൊപ്പമായിരുന്നു. 1974മുതൽ നടന്നുവരുന്ന പ്രസിഡൻസ് കപ്പിൽ പ്രോലീഗ്, ഫസ്റ്റ് ഡിവിഷൻ ലീഗ് എന്നിവയിലെ യു.എ.ഇ ക്ലബുകളാണ് മാറ്റുരക്കാറുള്ളത്. ഈ വർഷം മുതൽ പുതിയ രൂപകൽപനയോടെയാണ് പ്രസിഡൻസ് കപ്പ് തയാറാക്കിയത്. ഇമാറാത്തികൾ തന്നെ രൂപകൽപന ചെയ്ത കപ്പിൽ ദേശീയ ഗാനത്തിൽ നിന്നുള്ള വാക്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ ജനതക്ക് പ്രചോദനാത്മകമായ സന്ദേശം നൽകുന്നതും രാജ്യത്തിന്റെ പൈതൃകത്തെ ആദരിക്കുന്നതുമായ സന്ദേശമാണിത്. റീസൈക്കിൾ ചെയ്ത ഈന്തപ്പനക്കുരുവിൽ നിന്നാണ് ട്രോഫിയുടെ താഴ്ഭാഗം നിർമിച്ചിരിക്കുന്നത്. കൂടാതെ യു.എ.ഇ ഫുട്ബാൾ അസോസിയേഷൻ ലോഗോ ആലേഖനം ചെയ്തിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.