ദുബൈ: മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ലോകത്തെ നാലാമത്തെ അതിസമ്പന്നനും നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നയാളുമായ ബിൽ ഗേറ്റ്സ് എക്സ്പോ 2020 ദുബൈ സന്ദർശിച്ചു.
ബിൽ ഗേറ്റ്സിെൻറ നേതൃത്വത്തിലുള്ള ഫൗണ്ടേഷനും എക്സ്പോയും തമ്മിൽ കരാർ ഉണ്ടാക്കിയിരുന്നു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് താഴേക്കിടയിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്. ഈ സാഹചര്യത്തിലാണ് സന്ദർശനം. യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹീം അൽ ഹാഷിമി ബിൽ ഗേറ്റ്സിനെ സ്വീകരിച്ചു.
എക്സ്പോ നഗരിയിലെ പ്രധാന നവീന ആശയങ്ങളുടെ പ്രദർശനങ്ങൾ അദ്ദേഹം സന്ദർശിച്ചു. ചെലവുകുറഞ്ഞ രീതിയിൽ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം സമർപ്പിക്കുന്ന പുതുമയുള്ള സംരംഭങ്ങളാണ് അദ്ദേഹം വീക്ഷിച്ചത്. യു.കെയിെല കിറ്റി ലിയാവോ വികസിപ്പിച്ച 'ഐഡിയബാറ്റിക്' സംവിധാനം സന്ദർശനത്തിൽ ഉൾപ്പെട്ടു.
വിദൂര സ്ഥലങ്ങളിലേക്കുള്ള ദീർഘയാത്രകളിൽ വാക്സിനുകളും ജീവൻരക്ഷാ മരുന്നുകളും ഫ്രഷായി സൂക്ഷിക്കാവുന്ന സംവിധാനമാണ് ഇവർ വികസിപ്പിച്ചത്. മരുഭൂ പ്രദേശങ്ങളിൽ കൃഷി എളുപ്പമാക്കുന്നതിന് അവതരിപ്പിക്കപ്പെട്ട നോർവേയുടെ 'ഡെസേർട്ട് കൺട്രോൾ' സംവിധാനവും അദ്ദേഹത്തെ ഏറെ ആകർഷിച്ചു. സസ്റ്റൈനബിലിറ്റി പവിലിയനും സന്ദർശിച്ചു. എക്സ്പോ ടി.വിയിൽ സംസാരിച്ച അദ്ദേഹം സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നത് വേഗത്തിലാക്കാൻ ലോകത്തോട് ആവശ്യപ്പെട്ടു.
കോവിഡിെൻറ സാഹചര്യത്തിൽ ലോകം വിഷമകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വാക്സിൻ നീതിപൂർവകമായി വിതരണം ചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.