ദുബൈ: വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ നടപടികൾ നിമിഷങ്ങൾക്കകം പൂർത്തിയാക്കാൻ സഹായിക്കുന്ന ബയോമെട്രിക് സംവിധാനം ഉടൻ ആരംഭിക്കും. ദുബൈയിൽ ആരംഭിച്ച ടെക് ഷോയായ ജൈടെക്സിലാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചത്. യാത്രരേഖകൾ പരിശോധിക്കുന്നതിനായി ഇമിഗ്രേഷൻ കൗണ്ടറുകളിലുള്ള കാത്തുനിൽപ് ഒഴിവാക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്ന് വകുപ്പിലെ ലഫ്റ്റനന്റ് ഹമദ് അൽമൻഡോസ് പറഞ്ഞു.
വിമാനത്താവളങ്ങളിൽ സ്ഥാപിച്ച നൂതന കാമറകൾ ഒപ്പിയെടുക്കുന്ന യാത്രക്കാരുടെ ഫോട്ടോ ഡിജിറ്റൽ രേഖകളുമായി താരതമ്യം ചെയ്താണ് തടസ്സമില്ലാത്ത യാത്ര സാധ്യമാക്കുന്നത്. ‘ഇമിഗ്രേഷന്റെ ഭാവി’ എന്നാണ് പുതിയ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. നിലവിൽ സംവിധാനം പരീക്ഷണ ഘട്ടത്തിലാണെന്നും ഉടൻതന്നെ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്ര നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഒട്ടേറെ സംവിധാനങ്ങൾ ദുബൈ വിമാനത്താവളങ്ങളിൽ നിലവിലുണ്ട്. 2021ൽ ആരംഭിച്ച ഫാസ്റ്റ് ട്രാക്ക് പാസ്പോർട്ട് കൺട്രോൾ സേവനത്തിലൂടെ വെറും ഒമ്പത് സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാൻ സാധിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.