ദുബൈ: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സഹായം സ്വരൂപിക്കാൻ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ഇരുകൈയും നീട്ടി സ്വീകരിച്ച് പ്രവാസലോകം. കോഴിക്കോട് നരിക്കുനി പന്നിക്കോട്ടൂർ ബി.സി. അബ്ദുസ്സലാമിെൻറ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായാണ് യു.എ.ഇയിലെ പ്രവാസി കൂട്ടായ്മകൾ കൈകോർത്തത്. ഇവരുടെ നേതൃത്വത്തിൽ തയാറാക്കിയ ബിരിയാണി വിറ്റതുവഴി ലഭിച്ച തുക സലാമിെൻറ ചികിത്സക്ക് കൈമാറും. വെള്ളിയാഴ്ച ഉച്ചക്ക് നടത്തിയ ബിരിയാണി ചലഞ്ചിലൂടെ 25,000 ദിർഹമാണ് സ്വരൂപിച്ചത്. 30 ലക്ഷം രൂപയാണ് ചികിത്സക്ക് ആവശ്യമുള്ളത്.
ദുബൈ, ഷാർജ, അജ്മാൻ എമിറേറ്റുകളിലുള്ളവർക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്താൽ 10 ദിർഹമിന് ബിരിയാണി എത്തിച്ചുനൽകാനായിരുന്നു പദ്ധതി. എന്നാൽ, പലരും 10 ദിർഹം മുതൽ 165 ദിർഹം വരെ നൽകിയാണ് ചലഞ്ച് ഏറ്റെടുത്തത്. 1000 ഭക്ഷണപ്പൊതികളാണ് എത്തിച്ചത്. പ്രവാസി കൂട്ടായ്മകളിലെ വളൻറിയർമാരാണ് ഡെലിവെറി ബോയ് ആയി പ്രവർത്തിച്ചത്. നരിക്കുനി എൻ.ആർ.ഐ അസോസിയേഷൻ, യു.എ.ഇ പാലങ്ങാട് അസോസിയേഷൻ, വെൽകെയർ എളേറ്റിൽ, യു.എ.ഇ പന്നൂർ അസോസിയേഷൻ എന്നീ കൂട്ടായ്മകളുടെ നൂറുകണക്കിന് പ്രവർത്തകരാണ് ബിരിയാണി ചലഞ്ച് വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങിയത്.
ആയിരത്തിലേറെ ബിരിയാണിയുടെ മുഴുവൻ ചെലവും ഏറ്റെടുക്കാനും സ്പോൺസർമാർ എത്തി. നെല്ലറ ഗ്രൂപ്പ് ഒാഫ് റസ്റ്റാറൻറുമായി സഹകരിച്ചായിരുന്നു ചലഞ്ച്. നെല്ലറ ശംസുദ്ദീൻ മാധ്യമപ്രവർത്തകൻ എം.സി.എ. നാസറിന് ബിരിയാണിപ്പൊതി നൽകി ചലഞ്ച് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഹാരിസ് കുണ്ടുങ്ങര, കൺവീനർ ഷമീം പന്നൂർ, ഷഫീഖ് റഹ്മാൻ, മാധ്യമപ്രവർത്തകൻ അബ്ദു ശിവപുരം എന്നിവർ പങ്കെടുത്തു.രാവിലെ ഒമ്പതിന് പാക്കിങ് തുടങ്ങി ഒരു മണിയോടെ എല്ലാവരിലും ബിരിയാണി എത്തിച്ചു. ഷാർജ നെല്ലറ റസ്റ്റാറൻറിലാണ് ബിരിയാണി തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.