അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻററിന് മുന്നിൽ പാസ്പോർട്ട്​ സേവനങ്ങൾക്കായി പുലർച്ചെ വന്ന് വരിനിൽക്കുന്നവർ

ജനങ്ങളെ വട്ടം കറക്കി അൽ​െഎനിലെ ബി.എൽ.എസ് കേന്ദ്രം

അൽഐൻ: പാസ്പോർട്ട്‌ സേവനങ്ങൾക്ക് അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻററിലെ ബി.എൽ.എസ് കേന്ദ്രത്തിലെത്തുന്നവർ വലയുന്നു.പാസ്പോർട്ട്‌ പുതുക്കാനും ഇവിടെ ജനിച്ച കുഞ്ഞുങ്ങൾക്ക് പുതിയ പാസ്‌പോർട്ട് എടുക്കാനും മറ്റുമായി ബി.എൽ.എസ് കേന്ദ്രത്തിലെത്തുന്നവരാണ്​ ദുരിതം അനുഭവിക്കുന്നത്​. കോവിഡ് മൂലമുള്ള നിയന്ത്രണങ്ങളും കൂടിച്ചേരു​േമ്പാൾ സാധാരണക്കാരുടെ പ്രയാസം ഇരട്ടിക്കുന്നു. മറ്റ്​ ബി.എൽ.എസ്​ കേന്ദ്രങ്ങളുടെയും അവസ്​ഥ ഏറക്കുറെ ഇതുതന്നെയാണ്​.

മാസങ്ങളായി കോവിഡ് മൂലം ബി.എൽ.എസി​െൻറ പാസ്പോർട്ട്​ സേവനങ്ങൾ പൂർണമായും അവതാളത്തിലായതായും ഇപ്പോൾ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ പലർക്കും തിരിച്ചുപോകേണ്ട അവസ്ഥ ഉണ്ടാകുന്നതായും അനുഭവസ്ഥർ പറയുന്നു. യു.എ.ഇയിൽ വിസ അടിക്കണമെങ്കിൽ പാസ്​പോർട്ടിന് ചുരുങ്ങിയത് ആറുമാസം കാലാവധി ഉണ്ടാകണമെന്നിരിക്കെ ഏതാനും മാസങ്ങളോ ദിവസങ്ങളോ കാലാവധിയുള്ള പാസ്പോർട്ട്‌ പുതുക്കാൻ ചെല്ലുന്നവരോട് കാലാവധി കഴിഞ്ഞുചെല്ലാൻ പറഞ്ഞ് മടക്കി അയക്കുകയാണ്.

നാട്ടിൽപോകാൻ ഉദ്ദേശിക്കുന്നവരെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. അച്ഛന് സുഖമില്ലാത്തതിനാൽ നാട്ടിൽ പോകാൻ ഒരുങ്ങിയ കാസർകോട്​ സ്വദേശി പാസ്​പോർട്ട്​ പുതുക്കാൻ ചെന്നപ്പോൾ കാലാവധി കഴിഞ്ഞു വരാൻ പറയുകയും അതിനുശേഷം മാത്രം പുതുക്കികൊടുക്കുകയുമായിരുന്നു.നേരത്തെ ഓൺലൈൻ മുഖേന ടോക്കൺ എടുക്കാൻ സൗകര്യം ഉണ്ടായിരു​െന്നങ്കിലും ഇപ്പോൾ അൽഐനിൽ നിർത്തലാക്കി. നേരിട്ട് ബി.എൽ.എസ് സെൻററിൽ ഓരോ ദിവസവും 25 ടോക്കൺ മാത്രമാണ് നൽകുന്നത്. ഈ ടോക്കൺ ലഭിക്കാൻ രാത്രിയിൽ തന്നെ അവിടെയെത്തി വരിനിൽക്കുന്ന അവസ്ഥയാണ്.

വൈകി എത്തുന്നവർക്ക് ടോക്കൺ ലഭിക്കാത്ത അവസ്ഥയും. മൂന്നും നാലും തവണ അവിടെ നേരിട്ട് പോയിട്ടും ടോക്കൺ ലഭിക്കാതെ തിരിച്ചുപോരേണ്ടിവന്നതായി അനുഭവസ്ഥർ പറയുന്നു. അൽ ഖുവ, അൽ വഗാൻ തുടങ്ങിയ ദൂരസ്ഥലങ്ങളിൽനിന്നും ടാക്സിയിലും മറ്റും വരുന്ന സാധാരണ തൊഴിലാളികൾക്ക്​ ഇത് വലിയ സാമ്പത്തിക നഷ്​ടവും ഉണ്ടാക്കുന്നു.പലർക്കും ആ ദിവസങ്ങളിലെ ജോലിയും നഷ്​ടമാകുന്നു. വിസ പുതുക്കാൻ സമയത്തിന് പാസ്പോർട്ട്‌ പുതുക്കി തൊഴിൽദാതാക്കളെ ഏൽപിച്ചില്ലെങ്കിൽ അവരിൽനിന്നുള്ള ശകാരവും ഈ തൊഴിലാളികൾ കേൾക്കേണ്ടിവരുന്നു. ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ നൂറുകണക്കിന് പേരാണ് ഓരോ ദിവസവും പാസ്പോർട്ട്‌ സേവനങ്ങൾക്കായി ഇവിടെ എത്തുന്നത്.

മറ്റ്‌ എമിറേറ്റ്സുകളിലെ ചില സെൻററുകളിൽ പാസ്​പോർട്ട്​ സേവനങ്ങൾക്ക് പോകുന്നവർക്ക് പാസ്​പോർട്ട്​ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ലഭിക്കുന്നതായി അനുഭവസ്ഥർ പറയുന്നു. നിരവധി തവണ അൽഐനിലെ ബി.എൽ.എസ് സെൻററിൽ പോയിട്ടും ടോക്കൺ ലഭിക്കാത്തവർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുമ്പോൾ കമ്പനിയുടെ കത്തുമായി അബൂദബി ബി.എൽ.എസ് സെൻററിൽ എത്താനാണ് അറിയിപ്പ് ലഭിക്കുന്നത്. ഈ കാലത്ത് അബുദബിയിൽ പോയിവരുക എന്നത് സാധാരണക്കാർക്ക് ഏറെ പ്രയാസവുമാണ്. ഇവിടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് നാലുമാസത്തിനുള്ളിൽ വിസ ശരിയാക്കണമെന്ന വ്യവസ്ഥയുള്ളതിനാൽ കുട്ടികളുടെ പാസ്​പോർട്ട്​ എടുക്കാൻ കാത്തിരിക്കുന്ന രക്ഷിതാക്കളും നിരവധിയാണ്.

നാലുമാസം കഴിഞ്ഞാൽ ഫൈൻ അടക്കേണ്ടിയും വരും. കൈക്കുഞ്ഞുമായി ഈ സെൻററിൽ നിരവധി തവണ കയറിയിറങ്ങുക എന്നത് ദുഷ്കരവുമാണ്. പ്രശ്നങ്ങൾ പരിഹരിക്കുകയും ആവശ്യത്തിന് ജീവനക്കാർ എത്തുകയും ചെയ്താൽ അടുത്ത ദിവസങ്ങളിൽ തന്നെ സെൻററി​െൻറ പ്രവർത്തനം സാധാരണ നിലയിലാകുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.