ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹത്തയിൽ വേനൽക്കാലത്തെ പ്രധാന ആകർഷണമാണ് കയാക്കിങ്. ചുട്ടുപൊള്ളുന്ന ചൂടിന് അൽപം ശമനമാവുകയും കോരിച്ചൊരിയുന്ന മഴക്ക് ശമനമാവുകയും ചെയ്തതോടെ അനേകം പേരാണ് കയാക്കിങിനായി ഹത്ത തടാകത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ മാസങ്ങളിൽ ഹത്ത ഡാം കാണാനെത്തുന്നവരിൽ പലരും ഡാമിലിറങ്ങാതെ മടങ്ങുകയാണ് ചെയ്തത്. തണലിന്‍റെ ലാഞ്ചന പോലുമില്ലാത്ത ഡാമിന് നടുവിലൂടെ ഒരു മണിക്കൂറിലേറെ തുഴയുക എന്നത് അസാധ്യമാണെന്ന് തോന്നിയവരാണ് മടങ്ങിയവരിൽ അധികവും. എന്നാൽ, ഇനിയുള്ള ഏഴ് മാസം ഹത്ത ഡാമിലെ ബോട്ടുകൾക്ക് തിരക്കോട് തിരക്കായിരിക്കും. തണുപ്പ് സമയത്ത് ജാക്കറ്റുമിട്ട് ഹത്തയുടെ മലമടക്കുകൾക്കിടയിലൂടെ ബോട്ടിങും കയാക്കിങ്ങും നടത്തുന്നത് പ്രത്യേക അനുഭൂതിയാണ്.
ഏതാനും ആഴ്ചകൾ കൂടിക്കഴിഞ്ഞാൽ കാമ്പിങ് സീസണും ഇവിടെ ആരംഭിക്കും. ഹത്ത കാരവൻ പാർകാണ് കാമ്പിങ്ങിനെത്തുന്നവരെ ആകർഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. മേഖലയിലെ ആദ്യത്തെ ആഡംബര കാരവൻ പാർക്കായ ഇതിൽ ഡീലക്സ് ഇൻറീരിയറാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, ടെലിവിഷൻ, ചെറു കുക്കിങ് ഏരിയ, സൗജന്യ വൈഫൈ ആക്സസ് എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങളും ഇതു നൽകുന്നു. 2018 ൽ ആദ്യമായി പൊതുജനങ്ങൾക്കായി തുറന്നതിനുശേഷം 120 ലധികം രാജ്യങ്ങളിൽ നിന്നായി 11 ലക്ഷത്തിലധികം സന്ദർശകർ ഹത്തയിൽ എത്തിയതായി കഴിഞ്ഞ സീസണിൽ അധികൃതർ വെളിപ്പെടുത്തിയിരുന്നു.
'സുഹൈൽ' നക്ഷത്രം പിറക്കുകയും തണുപ്പ് കാലത്തിന് കാത്തിരിക്കുകയും ചെയ്യുന്ന ഈ കാലത്ത് ഹത്തയിലെ ഏറ്റവും മനോഹരമായ അനുഭവമായിരിക്കും കയാക്കിങ്. എല്ലാ സുരക്ഷാ സന്നാഹങ്ങളോടെയും സന്ദർശകർക്കായി സൗകര്യങ്ങൾ അധികൃതർ ഇവിടെ ഒരുക്കിയിട്ടുണ്ട്. 60 ദിർഹം മുതൽ മുകളിലേക്കാണ് നിരക്ക്. ബോട്ടുകളുടെ വലിപ്പത്തിനും സൗകര്യത്തിനും അനുസരിച്ച് നിരക്കുകളിൽ മാറ്റമുണ്ടാകും. ഹത്ത ഡാമിന് സമീപത്തെ ടിക്കറ്റ് കൗണ്ടറിൽ ബുക്കിങ് സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.