ഷാർജ: 12 ദിവസമായി ഷാർജയുടെ പകലിരവുകളെ സാംസ്കാരിക സമ്പന്നമാക്കിയ അക്ഷര മഹോത്സവത്തിന് സമാപനം. വാക്കുകൾ പ്രചരിപ്പിക്കുക വഴി വരുംതലമുറയെ എഴുത്തിന്റെ ലോകത്തേക്ക് ആകർഷിക്കുകയും ക്രിയാത്മക ചിന്താഗതികൾ വളർത്തുകയും ചെയ്യുക എന്ന ആഹ്വാനത്തോടെയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 41ാം എഡിഷന് സമാപനം കുറിച്ചത്.
ആയിരക്കണക്കിന് പുതിയ പുസ്തകങ്ങളുടെ പ്രകാശനത്തിനും പ്രമുഖരുടെ സന്ദർശനത്തിനും അർഥവത്തായ സംവാദങ്ങൾക്കും ലക്ഷക്കണക്കിന് സന്ദർശകരുടെ ഒഴുക്കിനും സാക്ഷ്യംവഹിച്ചാണ് പുസ്തകമേളക്ക് കൊടിയിറങ്ങിയത്. അവസാന ദിനമായ ഞായറാഴ്ച പാകിസ്താൻ പേസ് ബൗളർ ഷുഐബ് അക്തർ, സ്വീഡിഷ് താരം സ്ലാറ്റൻ ഇബ്രാഹിമോവിച് തുടങ്ങിയവർ പുസ്തകമേളയെ സമ്പന്നമാക്കി.
കഴിഞ്ഞ ദിവസങ്ങളിലായി ഷാറൂഖ് ഖാൻ, ദീപക് ചോപ്ര, ഗീതാഞ്ജലി ശ്രീ, ഉഷ ഉതുപ്പ്, പീകോ അയ്യർ, കേരളത്തിൽ നിന്ന് നടൻ ജയസൂര്യ, സംവിധായകൻ പ്രജേഷ് സെൻ, സിദ്ദീഖ്, നാദിർഷ, ശബ്ദ സംവിധായകൻ റസൂൽ പൂക്കുട്ടി, എഴുത്തുകാരായ സുനിൽ പി. ഇളയിടം, ടി.ഡി. രാമകൃഷ്ണൻ, കെ.പി. രാമനുണ്ണി, ജോസഫ് അന്നംകുട്ടി ജോസ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, മുരുകൻ കാട്ടാക്കട, രാഷ്ട്രീയ നേതാക്കളായ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.എം. ഹസൻ, എം.കെ. മുനീർ, ടി.എൻ. പ്രതാപൻ, പ്രമോദ് നാരായണൻ എം.എൽ.എ, സജീവ് ജോസഫ് എം.എൽ.എ, ഡോ. ഫസൽ ഗഫൂർ, പി.എം.എ. സലാം, വി.ടി. ബൽറാം, വ്യവസായി എം.എ. യൂസുഫലി, ആസ്റ്റർ ഗ്രൂപ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസ്, മലബാർ ഗ്രൂപ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജർ ഷംലാൽ അഹ്മദ്, ഫാ. ഡേവിസ് ചിറമ്മൽ തുടങ്ങിയവർ പുസ്തകോത്സവ നഗരിയിലെത്തി.
മുൻ വർഷങ്ങളെ അപേക്ഷിച്ച് സന്ദർശകരുടെയും പ്രസാധകരുടെയും എണ്ണത്തിൽ വൻ വർധനയാണ് ഇക്കുറി സാക്ഷ്യം വഹിച്ചത്. 2000ത്തോളം പ്രസാധകർ പങ്കെടുത്ത മേള ഏറ്റവും കൂടുതൽ പ്രസാധകർ എത്തിയ പുസ്തകോത്സവം എന്ന റെക്കോഡുമിട്ടു. 15 ലക്ഷത്തോളം പുസ്തകങ്ങളാണ് സന്ദർശകർക്ക് വിരുന്നൊരുക്കിയത്. ഹാൾ നമ്പർ ഏഴിലെ റൈറ്റേഴ്സ് ഫോറം മലയാളികളുടെ ആഘോഷ വേദിയായി മാറി. ഇവിടെ പ്രകാശനം ചെയ്ത പുസ്തകങ്ങളിൽ ഭൂരിപക്ഷവും മലയാളമായിരുന്നു. 500ഓളം മലയാള പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
1047 പരിപാടികളാണ് ആകെ നടന്നത്. 57 രാജ്യങ്ങളിലെ അതിഥികൾ പങ്കെടുത്തു. ഏറ്റവും കൂടുതൽ ആളുകളെത്തിയത് ഷാറൂഖ് ഖാനെ കാണാനായിരുന്നു. ഷാർജ എക്സ്പോ സെന്ററിനുള്ളിലേക്ക് കയറാൻ കഴിയാത്ത വിധമുള്ള തിരക്കായിരുന്നു ഷാറൂഖ് വന്ന ദിനം അനുഭവപ്പെട്ടത്. പ്രവൃത്തി ദിനങ്ങളിൽ സ്കൂളുകളിൽനിന്ന് നേരിട്ട് കുട്ടികളെ എത്തിച്ചിരുന്നു. കുട്ടികൾക്കായി 623 പരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.