ഷാർജ: ഒരേസമയം അച്ഛന്റെയും മകന്റെയും പുസ്തക പ്രകാശനത്തിന്റെ വേറിട്ട ചടങ്ങിന് സാക്ഷ്യംവഹിച്ച് ഷാര്‍ജ രാജ്യാന്തര പുസ്തക മേള. കേരളത്തിന്റെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മകന് ഡോ. രോഹിത് ചെന്നിത്തലയുടെയും പുസ്തകമാണ് ഒരേ ദിനം ഒരേ വേദിയില്‍ പ്രകാശനം ചെയ്യപ്പെട്ടത്. യു.എ.ഇ രാജകുടുംബാംഗം ശൈഖ് സെയ്ഫ് ബിന്‍ അബ്ദുല്ല അല്‍ ശംസി പുസ്തകം പ്രകാശനം ചെയ്തു. വ്യവസായി ആര്. ഹരികുമാര്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്ന വന്‍ അഴിമതികളും അവയുടെ പിന്നാമ്പുറ കഥകളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്ന് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ പറഞ്ഞു.
രമേശ് ചെന്നിത്തല പിടിച്ചുകെട്ടിയ അഴിമതികള്‍ എന്ന പേരിലുള്ള പുസ്തകം, മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. ചെന്നിത്തലയുടെ പ്രസ് സെക്രട്ടറി ആയിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ബി.വി. പവനനാണ് പുസ്തകം തയാറാക്കിയത്.
ഇതേ വേദിയില്‍ ചെന്നിത്തലയുടെ മകന് ഡോ. രോഹിത് ചെന്നിത്തല എഴുതിയ ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാളം പരിഭാഷയുടെ പ്രകാശനവും നടന്നു. യു.എ.ഇ സ്വദേശി സുല്‍ത്താന്‍ മജീദ് അല്‍ ശംസി പ്രകാശനം നിര്‍വഹിച്ചു. വി.ടി. സലിം ആദ്യ കോപ്പി ഏറ്റുവാങ്ങി. എന്റെ ചിന്തകള്‍, അറിയുക നിങ്ങളുടെ സ്വാതന്ത്ര്യ സമര സേനാനികളെ എന്ന പേരിലാണ് ഈ പുസ്തകം.
ശ്രേഷ്ഠ ബുക്സ് ആണ് പ്രസാധകര്. ടി.എന്‍. പ്രതാപന്, ഡോ. എസ്.എസ്. ലാല്‍, മഹാദേവന് വാഴശേരില്‍ എന്നിവര്‍ ആശംസ നേര്‍ന്നു. മാധ്യമ പ്രവര്ത്തകന് എല്‍വിസ് ചുമ്മാര്‍ പരിപാടിയുടെ അവതാരകനായി. ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ ആദരം കെ. മോഹന്‍കുമാര്‍ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.