ദുബൈ: എമിറേറ്റിൽ എണ്ണയിതര മേഖലയിൽ ബിസിനസ് ശക്തിപ്പെട്ടതായും കഴിഞ്ഞ അഞ്ചു മാസത്തിനിടയിലെ വലിയ വളർച്ച രേഖപ്പെടുത്തിയതായും സർവേ. ഇതോടെ തൊഴിലവസരങ്ങൾ വർധിച്ചതായും വിവിധ കമ്പനികളിൽ ജീവനക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായതായും എസ് ആൻഡ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. 2018 ജനുവരിക്കുശേഷം വേഗത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകമായ ടൂറിസം മേഖല കോവിഡിൽനിന്ന് ശക്തമായി തിരിച്ചുവന്നതും വിനോദ സഞ്ചാരികൾ വലിയ രീതിയിൽ ഒഴുകിയതും വളർച്ചയുടെ പ്രധാന ഘടകമാണ്. കഴിഞ്ഞ വർഷംതന്നെ തിരിച്ചുവരവിന്റെ സൂചനകൾ വ്യക്തമായിരുന്നു. 2022ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ദുബൈയുടെ സമ്പദ്വ്യവസ്ഥ 4.6 ശതമാനം വളർച്ചയാണ് കൈവരിച്ചത്.
എമിറേറ്റിന്റെ മൊത്ത ചില്ലറ വ്യാപാരം ആകെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 24.1 ശതമാനം വരുന്നുണ്ട്. 2022ലെ ആദ്യ 11 മാസങ്ങളിൽ 1.2കോടി അന്താരാഷ്ട്ര സന്ദർശകർക്ക് ദുബൈ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. കോവിഡിനു മുമ്പ് 2019ൽ ഉണ്ടായിരുന്ന സമാന സാഹചര്യമാണിത്.
ദുബൈയിലെ പ്രോപ്പർട്ടി മാർക്കറ്റിലും റെക്കോഡ് നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ മാസങ്ങളെ അപേക്ഷിച്ച് ദുബൈയിൽ അത്യാഡംബര വീടുകളുടെ ശരാശരി വില പുതുവർഷത്തിലെ ആദ്യ പാദത്തിൽ 27 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. എമിറേറ്റിൽ പ്രൈം പ്രോപ്പർട്ടിക്കുള്ള ആവശ്യം ഉയരുന്നതിന് അനുസരിച്ചാണ് വിലയിലും വർധനയുണ്ടായിരിക്കുന്നത്.
നിലവിൽ ഇത്തരം വീടുകളുടെ എമിറേറ്റിലെ ശരാശരി വില 2.52 കോടി ദിർഹമാണ്. ദുബൈ ലാൻഡ് ഡിപ്പാർട്മെന്റിൽ നിന്നുള്ള ഡേറ്റ അനുസരിച്ച് ഈ വിഭാഗത്തിലെ താമസകേന്ദ്രങ്ങളുടെ മൊത്തം ഇടപാടുകൾ കഴിഞ്ഞ മൂന്നുമാസ കാലയളവിൽ 1470 കോടി ദിർഹത്തിലെത്തിയിട്ടുണ്ട്. വിവിധ മേഖലകളിലെ വളർച്ച വരും മാസങ്ങളിലും തുടരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.