ദുബൈ: സ്തനാർബുദ ബാധ മുൻകൂട്ടി അറിയാൻ ഒമ്പത് കേന്ദ്രങ്ങളിൽ സൗജന്യ പരിശോധന. അബൂദബി ഒഴികെയുള്ള ആറ് എമിറേറ്റുകളിലാണ് സൗജന്യ പരിശോധന. ഫെബ്രുവരി 10 വരെ നീണ്ടുനിൽക്കും. ഷാർജ ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സിന്റെ പിങ്ക് കാരവൻ ദേശീയ സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി ഇന്നലെ മുതലാണ് സൗജന്യ പരിശോധന തുടങ്ങിയത്.
മുൻകൂട്ടി അറിഞ്ഞാൽ ചികിത്സിച്ച ഭേദമാക്കാവുന്ന രോഗമാണ് സ്തനാർബുദം. എന്നാൽ, പലരും അറിയാത്തതിനാൽ മരണത്തിനുവരെ കാരണമാകുന്നു. ഈ സന്ദേശം എല്ലാവരിലേക്കും എത്തിക്കാൻ ലക്ഷ്യമിട്ടാണ് ബോധവത്കരണം നടത്തുന്നത്. സ്വയം പരിശോധനയിലൂടെ എങ്ങനെ സ്തനാർബുദം മുൻകൂട്ടി അറിയാം എന്നതും ബോധവത്കരണത്തിലൂടെ പകർന്നുനൽകും. ഈ വർഷത്തെ പിങ്ക് കാരവൻ റൈഡിന് മുന്നോടിയായാണ് ബോധവത്കരണവും ക്യാമ്പും സംഘടിപ്പിക്കുന്നത്. ഫെബ്രുവരി നാല് മുതൽ 10 വരെയാണ് ബോധവത്കരണത്തിന്റെ ഭാഗമായി കുതിര റൈഡ് നടത്തുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് വിവിധ എമിറേറ്റുകളിൽ കുതിര റൈഡർമാർ എത്തും. എട്ടിൽ ഒരു സ്ത്രീക്ക് വീതം സ്തനാർബുദമുണ്ടാകുന്നു എന്നതാണ് കണക്ക്. എന്നാൽ, 98 ശതമാനം കേസുകളും മുൻകൂട്ടി അറിഞ്ഞാൽ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.
കഴിഞ്ഞ വർഷം പിങ്ക് കാരവന്റെ ഭാഗമായി 3041 സ്തന പരിശോധനകളും 893 മാമോഗ്രാമും 10 അൾട്രാസൗണ്ട് സ്ക്രീനിങ്ങും നടത്തിയിരുന്നു.
സൗജന്യ സ്തനാർബുദ കേന്ദ്രങ്ങൾ
ഷാർജ:
മജാസ് വാട്ടർഫ്രണ്ട്: വൈകു. 4.00-10.00
മെഗാമാൾ: വൈകു. 4.00-10.00
ലുലു സെൻട്രൽ, അൽബുത്തീന -വൈകു. 4.00-10.00
ദുബൈ:
ലുലു ഹൈപ്പർമാർക്കറ്റ്, അൽ ബർഷ -വൈകു. 4.00-10.00
മിർദിഫ് സിറ്റി സെന്റർ - ഉച്ച. 2.00 -9.00
അജ്മാൻ:
ചൈനാ മാൾ: വൈകു. 4.00-10.00
റാസൽഖൈമ:
ലുലു ഹൈപ്പർമാർക്കറ്റ്, റാക് മാൾ: വൈകു. 4.00-10.00
ഉമ്മുൽ ഖുവൈൻ:
ലുലു ഹൈപ്പർമാർക്കറ്റ്, യു.എ.ക്യു മാൾ: വൈകു. 4.00-10.00
ഫുജൈറ:
ലുലു ഹൈപ്പർമാർക്കറ്റ്, ലുലു മാൾ - വൈകു. 4.00-10.00
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.