ദുബൈ: യു.എ.ഇ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളുടെ ‘ബ്രിക്സ്’ കൂട്ടായ്മയിലെ അംഗത്വം ഔദ്യോഗികമായി നിലവിൽവന്നു. സൗദി അറേബ്യ, ഈജിപ്ത്, ഇറാൻ, ഇത്യോപ്യ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ജനുവരി ഒന്നിന് യു.എ.ഇയും ഔദ്യോഗികമായി കൂട്ടായ്മയിൽ അംഗമായത്.
കഴിഞ്ഞ ആഗസ്റ്റിൽ ജൊഹാനസ്ബർഗിൽ നടന്ന ‘ബ്രിക്സ്’ ഉച്ചകോടിയിൽ അഞ്ചു രാജ്യങ്ങളുടെയും പ്രവേശനത്തിന് സ്ഥാപകാംഗങ്ങളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ അംഗീകാരം നൽകിയിരുന്നു. പുതിയ രാജ്യങ്ങളുടെ വരവോടെ സാമ്പത്തിക സഹകരണത്തിനുള്ള പുതിയ വഴികളും തുറക്കുമെന്നാണ് പ്രതീക്ഷ.
സൂയസ് കനാലില്‍ ഈജിപ്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം, ഇത്യോപ്യയുടെ പുനരുൽപാദിപ്പിക്കാവുന്ന ഊര്‍ജ സാധ്യതകള്‍, ഇറാന്റെ എണ്ണ-വാതക ശേഖരം, സൗദി അറേബ്യയുടെ സാമ്പത്തിക സ്വാധീനം, യു.എ.ഇയുടെ ചരക്ക് കയറ്റുമതി സംവിധാനം, സാമ്പത്തിക വൈദഗ്ധ്യം എന്നിവ ‘ബ്രിക്സ്’ കൂട്ടായ്മക്ക് മുതല്‍ക്കൂട്ടാകും.
അഞ്ചു രാജ്യങ്ങൾകൂടി എത്തിയതോടെ ബ്രിക്സിന്റെ അംഗബലം ഇരട്ടിയാകും. അതോടൊപ്പം 28.5 ലക്ഷം കോടി ഡോളറിന്റെ മൊത്തം ജി.ഡി.പി കണക്കാക്കുന്ന ഒരു സാമ്പത്തികശക്തിയായും ബ്രിക്സ് സഖ്യം മാറും. 2006ൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്നാണ് ബ്രിക്സ് സഖ്യം രൂപവത്കരിച്ചത്.
പിന്നീട് 2020ൽ ദക്ഷിണാഫ്രിക്കയും കൂട്ടായ്മയിലേക്ക് എത്തിയതോടെ പേര് ബ്രിക്സ് എന്നാക്കുകയായിരുന്നു. നിലവില്‍ ആഗോള ജനസംഖ്യയുടെ 41 ശതമാനവും ആഗോള ജി.ഡി.പിയുടെ 24 ശതമാനവും ആഗോള വ്യാപാരത്തിന്റെ 16 ശതമാനവും സംഭാവന ചെയ്യുന്നത് ബ്രിക്സ് രാജ്യങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.