ദുബൈ: നഗരത്തിലെ വിവിധയിടങ്ങളിൽ കാൽനട യാത്രക്കാർക്കായി സജ്ജീകരിച്ച നടപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. ദുബൈ റോഡ്, ഗതാഗത അതോറിറ്റി(ആർ.ടി.എ)യുടെ കീഴിലുള്ള 67 നടപ്പാലങ്ങളുടെ പണികളാണ് കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്.
കാൽനട യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഒരുക്കുന്നതിന് വേണ്ടിയാണ് നടപടി സ്വീകരിച്ചതെന്ന് ആർ.ടി.എ വാർത്താക്കുറിപ്പിൽ പറഞ്ഞു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ പാലങ്ങളിൽ അഞ്ചെണ്ണം പൂർണമായും ശീതീകരിച്ചവയാണ്. 10 ഇലക്ട്രിക് എലവേറ്ററുകൾ സജ്ജീകരിക്കുകയും സുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തതാണ് പ്രധാനമായും സ്വീകരിച്ച നടപടികൾ.
റോഡ് സംവിധാനങ്ങളുടെ അനുബന്ധ സൗകര്യങ്ങൾ സമയാസമയങ്ങളിൽ ആർ.ടി.എ പരിശോധിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് അതോറിറ്റി റോഡ്സ് ആൻഡ് ഫെസിലിറ്റീസ് മെയിന്റനൻസ് ഡയറക്ടർ ഹമദ് അൽ ഷെഹി പറഞ്ഞു. കാൽനടയാത്രാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അതോറിറ്റിയുടെ ഔദ്യോഗിക വഴികളിലൂടെ അറിയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരം പരാതികൾ വർധിക്കുന്നത് നഗരത്തിലെ ട്രാഫിക് സംവിധാനത്തെ കുറിച്ച ജനങ്ങൾക്കിടയിലെ ബോധവത്കരണത്തെയാണ് സൂചിപ്പിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.