അബൂദബി: വിവിധ വകുപ്പുകളുമായി സഹകരിച്ച് അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന നിയമലംഘനങ്ങള്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ രണ്ടാഴ്ചയായി പരിശോധന നടത്തിയത്. സ്ഥാപന, കെട്ടിട ഉടമകളോട് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. അഗ്നിരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിന് അംഗീകൃത കമ്പനികളുമായി കരാര്‍ ഒപ്പിടണമെന്നും അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി ആവശ്യപ്പെട്ടു.
കേന്ദ്രീകൃത പാചകവാതക സംഭരണികളുടെ പരിസരങ്ങളിലെ ശുചിത്വമില്ലായ്മ, സിവില്‍ ഡിഫന്‍സിന്റെ അനുമതിയില്ലാതെ മുറികളിലും അടുക്കളകളിലും മേല്‍ക്കൂരകളിലും നടത്തുന്ന കൂട്ടിച്ചേര്‍ക്കലുകള്‍, അടിയന്തര രക്ഷാമാര്‍ഗങ്ങള്‍ അടച്ച് ഇടനാഴികളില്‍ ഉള്‍പ്പെടെ സാധന സാമഗ്രികള്‍ സൂക്ഷിക്കല്‍ തുടങ്ങി സുരക്ഷയെ ബാധിക്കുന്ന അനേകം ലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതായി സിവില്‍ ഡിഫന്‍സ് അതോറിറ്റിയിലെ ഫീല്‍ഡ് സര്‍വേ ഇനീഷ്യേറ്റിവ് ഡയറക്ടര്‍ ലഫ്. കേണല്‍ ഈസ അബ്ദുല്ല അല്‍ മസ്റൂഖി പറഞ്ഞു.
അബൂദബിയിലെ താമസ കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് നഗരസഭ മുമ്പ് അറിയിച്ചിരുന്നു. അനുമതിയില്ലാതെ കെട്ടിടത്തില്‍ രൂപമാറ്റം വരുത്തി കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നത് പത്തുലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കുന്ന കുറ്റമാണ്. സ്വദേശികളുടെ പേരിലുള്ള വില്ലകള്‍ എടുത്ത് അനുമതിയില്ലാതെ വിഭജിച്ചും കൂട്ടിച്ചേര്‍ത്തും നിരവധി പേരാണ് വാടകക്കുനല്കുന്നത്. ഇതിനായി റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളും സജീവമാണ്.
കുടുംബ താമസകേന്ദ്രങ്ങളില്‍ അവിവാഹിതർ താമസിക്കുന്നതും കെട്ടിടത്തിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ പേര് താമസിക്കുന്നതും കുറ്റകരമാണ്. മാത്രമല്ല, കൂടുതല്‍ പേര് ഒരിടത്ത് താമസിക്കുന്നതില്‍ സുരക്ഷ പ്രശ്നവും അധികൃതര്‍ ഉയര്‍ത്തുന്നുണ്ട്. വൈദ്യുതി, പാചക വാതകം തുടങ്ങിയ കൂടുതൽ പേര് ഉപയോഗിക്കുന്നത് അഗ്നിബാധക്ക് ഇടയാക്കും. താമസസ്ഥലം മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും വാടകയ്ക്കു നല്‍കുന്നതും കുറ്റകരമാണ്.
പൊളിക്കാന്‍ ഇട്ടിരിക്കുന്ന കെട്ടിടങ്ങളില്‍ താമസിക്കുന്നത് നിയമം ലംഘനമാണ്. ഇത്തരം കുറ്റങ്ങള്‍ക്ക് അമ്പതിനായിരം ദിര്‍ഹം മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെയാണ് വിഴ. വാടക കരാര്‍ റദ്ദാക്കിയിട്ടും താമസം തുടര്‍ന്നാലോ കൃഷി സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാലോ 25000 മുതല്‍ 50,000 ദിര്‍ഹം വരെയാണ് പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.