ദുബൈ: ടാക്സിയിലും സ്കൂൾ ബസിലും ഇനി പേടിക്കാതെ യാത്ര ചെയ്യാം. ഇവ നിരീക്ഷിക്കാൻ നവീന സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ ദുബൈ ടാക്സി കോർപറേഷൻ (ഡി.ടി.സി) ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (നിർമിത ബുദ്ധി) അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ടാക്സിയും സ്കൂൾ ബസുകളും നിരീക്ഷിക്കപ്പെടും. ഡി.ടി.സിയുടെ എല്ലാ സേവനങ്ങളെയും പദ്ധതി ഉൾക്കൊള്ളുന്നുണ്ട്.
ഡ്രൈവർമാരുടെ പെരുമാറ്റവും നിയമങ്ങൾ പാലിക്കുന്നതും അടക്കമുള്ളവ നിരീക്ഷിക്കാൻ ഈ സൗകര്യം സഹായിക്കും. ദുബൈ റോഡ് ഗതാഗത അതോറിറ്റിയുടെ ഭാഗമായ ഡി.ടി.സി ഈയടുത്ത് ആരംഭിച്ച കോച്ച് സർവിസുകളും നിരീക്ഷണത്തിലാകുമെന്ന് അധികൃതർ അറിയിച്ചു. കോർപറേഷെൻറ കൺട്രോൾ ആൻഡ് ഡാറ്റ അനാലിസിസ് സെൻറർ സംവിധാനം നടപ്പാക്കാൻ പൂർണ സജ്ജമായതായി ഡി.ടി.സി ഡയറക്ടർ അബ്ദുല്ല ഇബ്രാഹീം അൽ മീർ പറഞ്ഞു. സംവിധാനത്തിലൂടെ സ്കൂൾ ബസുകളിൽ വിദ്യാർഥികളും മറ്റുള്ളവരും കയറുന്നതും ഇറങ്ങുന്നതും, വാഹനം സഞ്ചരിക്കുന്ന വഴികൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിക്കാനാവും.
പുതിയ സാങ്കേതിക സംവിധാനങ്ങൾ സേവനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുമെന്നും യാത്ര സുഗമമാക്കുമെന്നും ഡയറക്ടർ പറഞ്ഞു.ഡ്രൈവർമാർക്ക് വാഹനം കൂടുതൽ ആവശ്യമുള്ള സ്ഥലങ്ങൾ സംബന്ധിച്ച് വിവരം കൊടുക്കാനും പദ്ധതിയിൽ സൗകര്യമുണ്ടാകും. യാത്രക്കാർക്ക് അതത് സമയങ്ങളിൽ വാഹനം ലഭിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സേവനം സഹായിക്കും. ദുബൈ ടാക്സി കോർപറേഷെൻറ ലക്ഷ്യമായ പ്രവർത്തന മികവ് സാക്ഷാത്കരിക്കാൻ പദ്ധതി സഹായിക്കുമെന്നും ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.