ദുബൈ: ഊർജ സംരക്ഷണം ലക്ഷ്യമിട്ട് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ദുബൈയിലെ ടണലുകളിലെ പരമ്പരാഗത ബൾബുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റി. 39 ടണലുകളിലെ 14,400 ബൾബുകളാണ് എൽ.ഇ.ഡി ആക്കിയത്. ആകെ 22.6 കി.മീറ്റർ നീളത്തിലാണ് പുതിയ ബൾബുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. ഇതുവഴി 60% വൈദ്യുതി ലാഭിക്കാമെന്ന് ആർ.ടി.എ അറിയിച്ചു. അതോടൊപ്പം പരമ്പരാഗത രീതിയിലുള്ള ബൾബുകളേക്കാൾ എൽ.ഇ.ഡി ബൾബുകൾക്ക് 177 ശതമാനം ആയുസ്സ് കൂടുതലാണെന്നും ആർ.ടി.എ വ്യക്തമാക്കി. 50,000 മണിക്കൂറാണ് എൽ.ഇ.ഡി ബൾബുകളുടെ ആയുസ്സ്. പരമ്പരാഗത ബൾബുകൾക്കിത് 18,000 മണിക്കൂറാണ്. ഇത് തുടർച്ചയായി ലൈറ്റുകൾ മാറ്റുന്നത് കുറക്കുകയും അറ്റകുറ്റപ്പണികളുടെ പ്രവർത്തന ചെലവ് കുറക്കുകയും ചെയ്യും.
പരമ്പരാഗത ബൾബുകളെ അപേക്ഷിച്ച് എൽ.ഇ.ഡി ബൾബുകളിൽ 20 ശതമാനം ഊർജനഷ്ടവും ചൂട് പ്രസരണവും കുറവാണ്. ഇത് യൂനിറ്റുകളുടെ ലൈറ്റിങ് പ്രവർത്തന സംവിധാനത്തിന്റെയും ടണൽ ഊർജ വിതരണ നെറ്റ്വർക്കിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുമെന്ന് ട്രാഫിക് ആൻഡ് റോഡ്സ് സി.ഇ.ഒ. മൈത ബിൻ അദായി പറഞ്ഞു.
ടണൽ ലൈറ്റിങ് യൂനിറ്റുകളുടെയും രാത്രികാല റോഡ് ക്രോസിങ്ങുകളുടെയും പ്രവർത്തന സംവിധാനങ്ങൾ സുസ്ഥിരമായ ലൈറ്റുകളിലേക്ക് മാറ്റുന്ന പുനർ എൻജിനീയറിങ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.