ബുർജ്​ ഖലീഫയുടെ വിമാനത്തിൽ നിന്നുള്ള ദൃശ്യം. ‘വിസിറ്റ്​ ദുബൈ’ ട്വിറ്ററിൽ പങ്കുവെച്ചത്​

താജ്​മഹലിനെയും പിന്തള്ളി ബുർജ്​ ഖലീഫ; ഇൻസ്​റ്റഗ്രാമിൽ മാത്രം 62ലക്ഷം ചിത്രങ്ങൾ

ദുബൈ: ലണ്ടൻ ആസ്ഥാനമായുള്ള ഫോട്ടോഗ്രാഫി വിദഗ്ധരായ പാരറ്റ് പ്രിന്‍റ്​ ഏറ്റവും പ്രശസ്തമായ ലാൻഡ്‌മാർക്കുകൾ കണ്ടെത്താനായി നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വ്യക്​തമാകുന്നത്​. പട്ടികയിൽ ആദ്യ 10സ്ഥാനങ്ങളിൽ എത്തിയവയിൽ ദുബൈയിൽ നിന്ന്​ രണ്ട്​ കെട്ടിടങ്ങളാണുള്ളത്​, ബുർജ്​ ഖലീഫയും ബുർജ്​ അൽ അറബും. ബുർജ്​ ഖലീഫ രണ്ടാം സ്ഥാനവും ബുർജ്​ അൽ അറബ്​ ഒമ്പതാം സ്ഥാനവുമാണ്​ നേടിയത്​. വിശ്വ പ്രസിദ്ധമായ ആസ്​ട്രേലിയ സിഡ്​നിയിലെ ഒപേറ ഹൗസ്​, ചൈനയിലെ വൻ മതിൽ എന്നിവക്കൊപ്പം താജ്​ മഹലിനെ കൂടിയാണ്​ ബുർജ്​ ഖലീഫ പിന്നിലാക്കിയത്​.

ഇൻസ്റ്റഗ്രാമിലെ വിവരങ്ങൾ ഉപയോഗിച്ചാണ്​ പഠനം പ്രസിദ്ധീകരിച്ചത്​. 2010 മുതൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഹാഷ്‌ടാഗുകൾ ലഭിച്ച നിർമിതികളാണ്​ പട്ടികയിൽ ഇടംപിടിച്ചത്​. ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുർജ്​ ഖലീഫ പാരീസിലെ ഈഫൽ ടവറിന്​ തൊട്ടുപിന്നിലായാണ്​ രണ്ടാമതെത്തിയത്​. എന്നാൽ അധികം വൈകാതെ ഈഫൽ ടവറിനെയും പിന്തള്ളി ഇത്​ ഒന്നാമതെത്തുമെന്ന്​ പല വിദഗ്​ധരും പ്രവചിക്കുന്നു. ഈ അടുത്ത വർഷങ്ങളിലാണ്​ ദുബൈയിലെ ആകർഷണങ്ങൾ പട്ടികയിൽ മുകളിലേക്ക്​ വന്നത്​. കൂടുതൽ സഞ്ചാരികളും യാത്രക്കാരും നഗരത്തിലേക്ക്​ എത്തിച്ചേർന്നതാണ്​ ഇതിന്​ പ്രധാന കാരണമായത്​.

യു.എസിലെ 277 മൈൽ നീളമുള്ള അരിസോണ മലയിടുക്ക്, മോണോലിസ ചിത്രമടക്കം സൂക്ഷിച്ച പാരീസിലെ ലൂവർ, ലണ്ടനിലെ ലണ്ടൻ ഐ, യു.എസിലെ ഗോൾഡൻ ഗേറ്റ്​ ബ്രിഡ്ജ്​, ന്യൂയോർകിലെ എംപയർ സ്​റ്റേറ്റ്​ ബിൽഡിങ്​ എന്നിവയടക്കം പട്ടികയിൽ ഇടംനേടിയിട്ടുണ്ട്​. കഴിഞ്ഞ വർഷത്തെ എക്സ്​പോ 2020മേളയും കോവിഡ്​ മഹമാരിയുടെ ആഘാതങ്ങളിൽ നിന്ന്​ വളരെ വേഗം മോചിതരായതും ദുബൈയിലേക്ക്​ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സഞ്ചാരികളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്​.

Tags:    
News Summary - Burj Khalifa the most photographed building in the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.