ദുബൈ: പുതുസീസണിനായി തുറന്ന ദുബൈ മിറാക്ക്ൾ ഗാർഡനിലേക്ക് ബസ് സർവിസ് പുനരാരംഭിച്ചു. മാൾ ഓഫ് എമിറേറ്റ്സിനും മിറാക്ക്ൾ ഗാർഡനും ഇടയിലുള്ള 105 ബസ് റൂട്ട് ആണ് പുനരാരംഭിച്ചത്. ഞായർ മുതൽ വ്യാഴാഴ്ചവരെ 30 മിനിറ്റ് ഇടവേളകളിൽ ബസ് സർവിസ് ഉണ്ടാകും.
വെള്ളി, ശനി ദിവസങ്ങളിൽ 20 മിനിറ്റ് ഇടവേളകളിലും സർവിസ് നടത്തുമെന്ന് ആർ.ടി.എ അറിയിച്ചു. 30 മിനിറ്റ് യാത്രക്ക് അഞ്ചു ദിർഹമാണ് ടിക്കറ്റ് നിരക്ക്. നോൾ കാർഡ് ഉപയോഗിച്ച് യാത്രചെയ്യാം. ദുബൈലാൻഡിൽ സ്ഥിതിചെയ്യുന്ന ദുബൈ മിറാക്ക്ൾ ഗാർഡനിൽ ശീതകാലത്താണ് സീസൺ ആരംഭിക്കാറ്. 150 ദശലക്ഷത്തിലധികം പൂക്കൾ നിറഞ്ഞുനിൽക്കുന്ന, 72,000 ചതുരശ്ര വിസ്തൃതിയിലുള്ള പൂന്തോട്ടം മേഖലയിലെ ഏറ്റവും മനോഹരമായ ആകർഷണങ്ങളിൽ ഒന്നാണ്. 2013 ഫെബ്രുവരി 14നാണ് പൂന്തോട്ടം ആദ്യമായി തുറക്കുന്നത്. പൂക്കൾ കൊണ്ട് മനോഹരമായി അലങ്കാരം തീർത്തിരിക്കുന്ന പൂന്തോട്ടം ഇതിനകം മൂന്ന് ഗിന്നസ് റെക്കോഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെയാണ് സന്ദർശനസമയം. കൂടാതെ വെള്ളിയാഴ്ചയും ശനിയാഴ്ചയും മറ്റ് പൊതു അവധി ദിനങ്ങളിലും രാവിലെ ഒമ്പതു മുതൽ രാത്രി 11വരെയും സന്ദർശകരെ അനുവദിക്കും. 12 വയസ്സിന് മുകളിലുള്ളവർക്ക് 95 ദിർഹമും മൂന്നു മുതൽ 12 വയസ്സുവരെയുള്ളവർക്ക് 80 ദിർഹമുമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.