ഷാർജ: കമോൺ കേരളയിൽ സംരംഭക ലോകത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായ ബിസിനസ് കോൺക്ലേവിൽ മുഴങ്ങിക്കേട്ടത് വീണ്ടെടുപ്പിന്റെയും ഉയിർത്തെഴുന്നേൽപിന്റെയും കഥകൾ. മഹാമാരി തീർത്ത സാമ്പത്തിക പ്രതിസന്ധിയിൽ വീണുപോയിട്ടും അതിജീവന മാർഗത്തിൽ പൊരുതിനിന്നവരും പുതുസംരംഭകരും അനുഭവങ്ങൾ പങ്കിട്ട ബിസിനസ് കോൺക്ലേവ് വ്യത്യസ്ത വിഷയങ്ങളുടെ സംഗമവേദികൂടിയായി. അനുഭവസമ്പത്തിന്റെ കരുത്തുള്ള വ്യവസായ നായകരും ആത്മവിശ്വാസത്തിന്റെ അടയാളമായ വ്യവസായ സംരംഭകരും അനുഭവങ്ങൾ പങ്കുവെച്ചു.
എത്തിക്കൽ ബിസിനസിനെ കുറിച്ച് ദാർ അൽ ശരീഅ ഡെപ്യൂട്ടി സി.ഇ.ഒ അമ്മാർ അഹ്മദ്, എ.ഡി.ഐ.ബി കമ്യൂണിറ്റി ബാങ്കിങ് സീനിയർ റിലേഷൻഷിപ് മാനേജർ (സ്ട്രാറ്റജിക് ക്ലയന്റ്സ്) ഫിർദൗസി മഹീൻ, സാനിറ്റർ ഒമാൻ സി.ഇ.ഒ ഷാലിമാർ മൊയ്തീൻ, ഷാർജ ഇസ്ലാമിക് ബാങ്ക് അസി. വൈസ് പ്രസിഡന്റ് നബീൽ കട്ടകത്ത് എന്നിവർ നയിച്ച പാനൽ ഡിസ്കഷനായിരുന്നു ആദ്യ ദിനത്തിലെ ഹൈലൈറ്റ്. ഇസ്ലാമിക് ഫിനാൻസുമായി ബന്ധപ്പെട്ട വിശദമായ ചർച്ച നടന്നു. നേരായ മാർഗത്തിൽ എങ്ങനെ നിക്ഷേപിക്കാമെന്നും ബിസിനസിൽ സൂക്ഷിക്കേണ്ട മൂല്യങ്ങളെ കുറിച്ചുമെല്ലാം ഈ സെഷൻ വിശദമാക്കി.
സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ ആശങ്കകളും സംശയങ്ങളും പങ്കിടുന്നതായിരുന്നു ബി ടോക്. എന്ത് തുടങ്ങണം, തുടങ്ങരുത്, എവിടെ തുടങ്ങണം, എന്തെല്ലാം ശ്രദ്ധിക്കണം, വായ്പ എടുക്കാമോ തുടങ്ങിയ വിഷയങ്ങളിൽ മാർഗനിർദേശങ്ങൾ നൽകി. പുതിയ സംരംഭങ്ങളുടെ സാധ്യതകൾ, പങ്കാളിത്ത ബിസിനസ്, അന്താരാഷ്ട്ര തലത്തിലേക്ക് എങ്ങനെ വ്യാപിപ്പിക്കാം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു.
ഷാർജ കോപ് മാർക്കറ്റിങ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫൈസൽ ഖാലിദ് അൽ നബൂദ മാർഗനിർദേശങ്ങൾ നൽകി. സമൂഹ മാധ്യമങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ഇൻഫ്ലുവൻസർ ഇബാദുറഹ്മാൻ സംസാരിച്ചു. എന്തുകൊണ്ട് സമൂഹ മാധ്യമങ്ങൾ മറ്റ് മാധ്യമങ്ങൾക്ക് പകരംവെക്കാൻ കഴിയില്ല എന്നും അദ്ദേഹം വിശദീകരിച്ചു.
സംരംഭകരുടെ മനസ്സറിയുന്ന സെഷനായിരുന്നു എം ടോക്കിൽ ബിസിനസ് സ്ട്രാറ്റജിസ്റ്റ് ഡോ. പി.പി. വിജയൻ പറഞ്ഞുകൊടുത്തത്. കനക് മദ്രേച്ച ആൻഡ് അസോസിയേറ്റ്സ് മാനേജിങ് ഡയറക്ടർ ഡോ. കനക് മദ്രേച്ച, വൈദ്യരത്നം ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഇ.ടി. കൃഷ്ണൻ മൂസ്, ടാലി സൊല്യൂഷൻസ് സെയിൽസ് ജി.ടി.എം കൺട്രി ഹെഡ് ദീപക് ജോർജ്, വൈത്തിരി വില്ലേജ് മാനേജിങ് ഡയറക്ടർ എൻ.കെ. മുഹമ്മദ്, തിലാൽ ഗ്രൂപ് ഡയറക്ടർ ഹസൻ തുറാബി, ക്രെഡായ് കേരള-സെക്യൂറ ഡെവലപ്പേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. മെഹ്ബൂബ്, ഷാർജ ഇസ്ലാമിക് ബാങ്ക് ക്രെഡിറ്റ് ഡോക്യുമെന്റേഷൻ ഹെഡ് നബീൽ കട്ടകത്ത് തുടങ്ങിയവർ മൂല്യവത്തായ സന്ദേശങ്ങൾ വിവിധ സെഷനുകളിൽ കൈമാറി.
കമോൺ കേരളയിൽ കണ്ണങ്കണ്ടിയും
ഷാർജ: ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കമോൺ കേരളയിൽ കണ്ണങ്കണ്ടിയുടെ സ്റ്റാളും. സത്യസന്ധമായ വ്യാപാരത്തിലൂടെ മലബാറിലെ ജനങ്ങൾ നെഞ്ചിലേറ്റിയ സ്ഥാപനമാണ് കണ്ണങ്കണ്ടി. ഡിജിറ്റൽ ഉൽപന്നങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വിപണനരംഗത്തെ പ്രമുഖ ബ്രാൻഡുകൾ യഥാർഥ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന, മലബാറിൽ ഏറ്റവും കൂടുതൽ ബ്രാഞ്ചുകളുള്ള ഡീലറാണ് കണ്ണങ്കണ്ടി. അത്യാകർഷകമായ സമ്മാന പദ്ധതികൾ പ്രഖ്യാപിക്കുകയും, പ്രഖ്യാപിച്ച സമ്മാനം യഥാസമയം വിതരണം ചെയ്തുവരുന്ന പാരമ്പര്യത്തിന് ഉടമയുമാണ് കണ്ണങ്കണ്ടി. ഇപ്പോൾ ഓൺലൈൻ സെയിൽസിൽ കണ്ടുവരുന്ന വിൽപനാനന്തര സർവിസ് പ്രശ്നങ്ങൾക്ക് പരിഹാരമായി പ്രമുഖ കമ്പനികളുടെ ഡിജിറ്റൽ ഉൽപന്നങ്ങളും ഗൃഹോപകരണങ്ങളും കുറഞ്ഞ വിലയിലും വിൽപനാനന്തര സേവനം ഉറപ്പുനൽകിയും നിങ്ങളുടെ വീട്ടിൽ എത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കമോൺ കേരളയിലെ കണ്ണങ്കണ്ടി സ്റ്റാൾ സന്ദർശിക്കുക. www.kannankandyestore.com. ഫോൺ: +91 90721 80000, +91 90722 00448.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.