പൂമ്പാറ്റകളുടെ പൂന്തോപ്പ്

പത്ത് കസ്റ്റം ഡോംസ് ഹൗസുകളിൽ 50 വ്യത്യസ്ത ഇനങ്ങളിൽപെട്ട 15,000ൽ അധികം വരുന്ന ചിത്രശലഭങ്ങളുടെ മാത്രം മനുഷ്യനിർമ്മിത പൂന്തോട്ടം ! അൽ ബർഷാ സൗത്ത് -3യിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് തൊട്ടപ്പുറത്ത് മിറാക്കിൾ ഗാർഡനോട് ചേർന്ന് നിർമ്മിച്ച ബട്ടർഫ്ലൈ ഗാർഡൻ യു.എ.ഇയിലെത്തന്നെ ഒരു മറഞ്ഞ രത്നമാണ്. ലോകത്തിലെ ഏറ്റവും വലിയ കവേർഡ് ഗാർഡൻ എന്ന് വിളിപ്പേരുള്ള ഈ പൂമ്പാറ്റ ലോകം സന്ദർശകർക്കായി ഒരുക്കുന്നത് നയന മനോഹരങ്ങളായ കാഴ്ചകളാണ്.

6673 സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള താഴികക്കുടങ്ങൾ ചിത്രശലഭങ്ങളുടെ അതിജീവനത്തിന് അനുയോജ്യമായ താപനിലയിൽ ക്രമീകരിച്ചിരിക്കുന്നു. വൈറ്റ് ആംഗിൾഡ്-സൾഫർ, മൊണാർക്ക്, റെഡ് റിം, ആഫ്രിക്കൻ ക്വീൻ, ടെയിൽഡ് ജെയ്, ഡോറിസ്, ഗ്രേറ്റ് എഗ്‌ഫ്ലൈ, ഓറഞ്ച് ഓക്ക്ലീഫ്, ഓൾ ബട്ടർഫ്ലൈ, ക്ലിപ്പർ, ഗോൾഡൻ ബേർഡ്‌വിംഗ് തുടങ്ങി വൈവിധ്യങ്ങളായ ഈ ശലഭ ലോകത്ത് നിറത്തിലും വലിപ്പത്തിലും ഏറെ അന്തരമുള്ള വകഭേദങ്ങളും അവയുടെ വ്യത്യസ്ത വളർച്ചാ ഘട്ടങ്ങളും കാണാം. പ്യൂപ്പ വിരിയുന്നത് മുതൽ മൃതാവസ്ഥയിലുള്ള ചിത്രശലഭങ്ങളും ഇവിടുത്തെ സ്ഥിരം കാഴ്ചകളാണ്. വെറും ബട്ടർഫ്ലൈ ഹൗസ് എന്നതിനു പുറമേ വിദേശ സസ്യങ്ങൾ, പൂക്കൾ, പക്ഷികൾ മത്സ്യക്കുഞ്ഞുങ്ങൾ തുടങ്ങി വിവിധങ്ങളായ ആകർഷണ മേഖലകൾ ഈ വിനോദസഞ്ചാര കേന്ദ്രത്തിന് ജനപ്രീതി വർദ്ധിപ്പിക്കുന്നു.

താഴികക്കുടങ്ങളിലേക്കുള്ള പ്രവേശനകവാടത്തിൽ അടയാളപ്പെടുത്തുന്നത് കൊന്തകളോട് കൂടിയ മുടുശീലകളാണ്. അവ പൂക്കളും ചെടികളും കൊണ്ട് നിറച്ച് 24 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ക്രമീകരിച്ചിരിക്കുന്നു. സീലിംഗിൽ തൂങ്ങി കിടക്കുന്ന ഐവി ഇവയ്ക്ക് ഒരു പ്രകൃതിദത്ത ഭാവം നൽകുന്നുണ്ട്.

ഈ താഴികക്കുടങ്ങളാകട്ടെ വായുസഞ്ചാരമുള്ളതും വെളിച്ചം കടത്തിവിടുന്നതുമാണ്. ഇൻഡോർ ഗാർഡനിലെ ആദ്യത്തെ മുറി ബട്ടർഫ്ലൈ മ്യൂസിയം ആണ്. ജീവനില്ലാത്ത ചിത്രശലഭങ്ങൾ കൊണ്ട് നിർമ്മിച്ച ഓരോ രൂപങ്ങളും ചിത്രപ്പണികളും ആണ് ഇതിൽ പ്രധാനം. ദുബൈ കിരീടാവകാശിയുടെ ശലഭ ചുവർ ചിത്രം ആണ് ഇതിലെ ശ്രദ്ധേയമായ ഒരു ഭാഗം.

ഒഴുകുന്ന വെള്ളം, ആർട്ടിഫിഷ്യൽ ബേർഡ്സ് സൗണ്ട് തുടങ്ങിയവ ആളുകൾക്ക് അപ്രതീക്ഷിത വിരുന്ന് തന്നെയാണ്. പ്യൂപ്പൽ ഘട്ടം മുതൽ പ്രായപൂർത്തിയാകുന്നത് വരെയുള്ള ശലഭങ്ങളുടെ ജീവിതക്രമം സാക്ഷ്യംവഹിക്കാൻ സന്ദർശകർക്കാകുന്നു. ചിത്രശലഭങ്ങളുടെ രൂപാന്തരീകരണത്തെക്കുറിച്ച് ജനങ്ങൾക്ക് അറിവ് പകരുകയാണ് ബട്ടർഫ്ലൈ ഗാർഡന്‍റെ മുഖ്യലക്ഷ്യം. ആനിമേഷൻ, ബട്ടർഫ്ലൈ ലൈഫ് സൈക്കിൾ വീഡിയോകൾ, സിനിമകൾ എന്നിവയുടെ നിര ഇവിടുത്തെ എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻറ് യുവ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു.

ബട്ടർഫ്ലൈ ഗാർഡനിലെ നിയന്ത്രിത താപനില വർഷം മുഴുവൻ സന്ദർശകർക്കായി തുറന്നിടാൻ പര്യാപ്തമാക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഹൃദ്യമായ യാത്രാനുഭവം ബട്ടർഫ്ലൈ ഗാർഡൻ വാഗ്ദാനം ചെയ്യുന്നു. സന്ദർശകർക്കുമേൽ പാറി നടക്കുന്ന ശലഭമഴ തന്നെയാണ് ഇവിടം.

Tags:    
News Summary - Butterfly garden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.