ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുതുക്കിയ യു.എ.ഇ മന്ത്രിസഭ പ്രഖ്യാപിച്ചു. ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെ ധനകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായി നിയമിച്ചു. അടുത്ത 50 വർഷത്തെ മുന്നോട്ടുപോക്കിനായി ഫെഡറൽ സർക്കാർ പ്രവർത്തനത്തിന് പുതിയരീതി സ്വീകരിക്കുമെന്നും ൈശഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു.
പരിവർത്തനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പുതുക്കാനും നേട്ടങ്ങൾ ത്വരിതപ്പെടുത്താനും മുൻഗണനകൾ നിശ്ചയിക്കാനും പദ്ധതികളും ബജറ്റുകളും അംഗീകരിക്കാനുമാണ് പുതിയ രീതി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷം നിശ്ചയിച്ച 'എമിറേറ്റ്സ് വിഷൻ 2021' ലക്ഷ്യം കൈവരിച്ചുവെന്നും വ്യത്യസ്തമായ അഭിലാഷങ്ങളോടെയാണ് അടുത്ത 50 വർഷത്തെ രാജ്യം സമീപിക്കുന്നതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. വരുംകാല ലക്ഷ്യങ്ങൾക്കനുസരിച്ച് എല്ലാ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളും പരിവർത്തന സജ്ജമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉബൈദ് അൽ തായാറിന് പകരമായി മുഹമ്മദ് ബിൻ ഹാദി ആൽ ഹുസൈനിയെ ധനകാര്യ വകുപ്പ് സഹമന്ത്രിയായും നിയമിച്ചിട്ടുണ്ട്. ഉബൈദിെൻറ സേവനങ്ങൾക്ക് നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു. അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവാദ് ആൽ നുഐമിയെ നീതിന്യായ വകുപ്പ് മന്ത്രിയായും ഡോ. അബ്ദുൽറഹ്മാൻ അൽ അവാറിനെ മാനവവിഭശേഷി, ഇമാറാത്തിവത്കരണം വകുപ്പുകളുടെ മന്ത്രിയുമാക്കി. മർയം അൽ മുഹൈരി (കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി വകുപ്പ്), അബ്ദുല്ല ബിൻ മുഹൈർ അൽ കെത്ബി (ഫെഡറൽ സുപ്രീം കൗൺസിൽകാര്യ വകുപ്പ്) എന്നിവരെയും നിയമിച്ചിട്ടുണ്ട്.
പുതുതായി ധനകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായി തിരഞ്ഞെടുക്കപ്പെട്ട ശൈഖ് മക്തൂമിന് സഹോദരനും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ അഭിനന്ദനമറിയിച്ചു. ശൈഖ് മക്തൂം അടുത്ത 50 വർഷത്തേക്കുള്ള പ്രയാണത്തിൽ വലിയ സംഭാവനകളർപ്പിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.