അബൂദബി: എൻജിനിൽ തീ ഉയർന്നതിനെ തുടർന്ന് അബൂദബിയിൽനിന്ന് കോഴിക്കോട്ടേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വെള്ളിയാഴ്ച പുലർച്ച 1.40ന് പറന്ന IX 348 വിമാനമാണ് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തിരിച്ചിറക്കിയത്. 184 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ പല വിമാനങ്ങളിലായി നാട്ടിലേക്കയച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും യാത്രക്കാർക്ക് പരിക്കില്ലെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
വിമാനം 1000 അടി ഉയർന്നപ്പോഴാണ് എൻജിനിൽനിന്ന് തീ ഉയരുന്നതായി ശ്രദ്ധയിൽപെട്ടത്. ഉടൻ തിരിച്ചിറക്കുകയായിരുന്നു. അതേസമയം യാത്രക്കാരെ ഷാര്‍ജ, ദുബൈ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ വഴിയാണ് നാട്ടിലേക്കയച്ചത്. സന്ദർശക വിസക്കാരെ വെള്ളിയാഴ്ച രാത്രിയുള്ള വിമാനത്തിൽ നാട്ടിലേക്കയച്ചു. രണ്ടാഴ്ചക്കിടെ മൂന്നാം തവണയാണ് എയർ ഇന്ത്യ വിമാനം പറന്നുയർന്ന ശേഷം തിരിച്ചിറക്കുന്നത്.
27ന് ഷാർജ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം ഒരു മണിക്കൂർ പറന്നശേഷമാണ് തിരിച്ചിറക്കിയത്. ഈ വിമാനത്തിലെ യാത്രക്കാരെ നാട്ടിലേക്കയച്ചത് 38 മണിക്കൂറിനുശേഷം. കഴിഞ്ഞ 23ന് തിരുവനന്തപുരത്തുനിന്ന് മസ്കത്തിലേക്കുപോയ എയർ ഇന്ത്യ വിമാനം പറന്നുയർന്ന് 45 മിനിറ്റിനുള്ളിൽ തിരിച്ചിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.