ഷാർജയുടെ ഉപനഗരമായ അൽ മദാമിൽ നിന്ന് ചരിത്ര നഗരമായ മലിഹയിലേക്കുള്ള പാതയിലാണ് ചരിത്രം ഖനിഭവിച്ചുണ്ടായ അൽ ബുഹൈസ് പർവതം. ഷാർജ നഗരത്തിന് തെക്കുകിഴക്കായി 48 കിലോമീറ്റർ ചുറ്റളവിൽ കിടക്കുന്ന ഈ പർവ്വത മേഖല യു.എ.ഇയിലെ ഏറ്റവും പുരാതനമായ ജനവാസ മേഖലകളിൽ ഒന്നാണ്. ട്രക്കിങ് ആഗ്രഹിക്കുന്നവർക്ക് കയറിച്ചെല്ലാൻ പറ്റിയ സ്ഥലം. മലീഹ ആർകിയോളജിക്കൽ സൈറ്റിൽ നിന്നാണ് ട്രക്കിങ് സൗകര്യം ഏർപെടുത്തിയിരിക്കുന്നത്. ഗൈഡിെൻറ സഹായത്തോടെ മലകയറാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുക.
സാഹസീകത ഇഷ്ടപ്പെടുന്നവർക്കായി ട്രക്കിങ് ഗ്രൂപുകൾ തന്നെ ഇവിടേക്ക് സഞ്ചാരം ഒരുക്കാറുണ്ട്. കല്ല്, വെങ്കലം, ഇരുമ്പ്, ഹെല്ലനിസ്റ്റിക് യുഗങ്ങൾ കടന്നു പോയ ഈ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ശ്മശാനങ്ങളും ചരിത്ര ശേഷിപ്പുകളും വരും തലമുറക്കായി കാത്ത് സംരക്ഷിക്കുകയാണ് ഷാർജ. സമുദ്രനിരപ്പിൽ നിന്ന് 340 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മേഖല ചുണ്ണാമ്പുകല്ലിെൻറ ഉറവിടമാണ്.
ചരിത്ര വഴിയിലൂടെ യാത്ര
ക്രി.മു. 2000 മുതൽ 1300 വരെയുള്ള കാലഘട്ടത്തിൽ യു.എ.ഇയിലെയും ഒമാനിലെയും മനുഷ്യവാസത്തെ നിർവചിക്കുന്നതാണ് വാദി സുക് സംസ്കാരം. ബുഹൈസിൽ ഉടനീളം ഇതിെൻറ അടയാളങ്ങൾ കാണാം. ഒമാനിലെ സോഹറിന് പടിഞ്ഞാറ് കിടക്കുന്ന ഹരിത മനോഹരമായ താഴ്വരയിൽ നിന്നാണ് ഇതിന് പേര് ലഭിച്ചത്. ഉമ്മുനാർ സംസ്കാരത്തിൽ നിന്നാണ് ഇതിെൻറ വഴികൾ തെളിയുന്നത്. കാർഷിക- ക്ഷീരമേഖലകളായിരുന്നു ഈ പ്രദേശം.
ജലസാന്നിധ്യം തേടിയുള്ള ബദുവിയൻ യാത്രകളിൽ അനാഥമായി പോയ ജനവാസ മേഖലകൾ ബുഹൈസിെൻറ ഉദ്ഖനനത്തിൽ ഗവേഷകരെ വിസ്മയപ്പെടുത്തിയിരുന്നു. ഉമ്മുൽനാർ കാലഘട്ടത്തെത്തുടർന്ന് മനുഷ്യരുടെ ശീലങ്ങളിലും സമൂഹത്തിലുമുള്ള മാറ്റത്തിെൻറ ഏറ്റവും വ്യക്തമായ തെളിവുകൾ വാദി സുക്ക് ജനതയുടെ ശ്മശാനങ്ങളിൽ കാണാം. ബുഹൈസിലേക്കുള്ള പാതകൾക്ക് യാത്രക്കാരോട് പറയാനുള്ളത് ഈ സവിശേഷതയാണ്.
പുരാതന ആയുധങ്ങളുടെ കലവറയാണ് വാദി സുക് ശ്മശാനങ്ങൾ. ഈ ആയുധശേഖരങ്ങൾ സഞ്ചാരികൾക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. ശവകുടീരങ്ങൾ സന്ദർശിച്ചാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ട്രക്കിങ് ആരംഭിക്കുന്നത്. 2000 വർഷം പഴക്കമുള്ള ഇരുമ്പുയുഗത്തിൽ നിർമിച്ച കോട്ടയും കാണാം. ദിൽമുനുമായും സിന്ധൂനദീതട സംസ്കാരവുമായുള്ള ബന്ധത്തെ പറ്റി പറഞ്ഞു തരും അൽ ബുഹൈസ്.
ചെപ്പ് തുറന്ന് ഗവേഷകർ
1973 ൽ ഇറാഖിൽ നിന്നുള്ള പുരാവസ്തു ഗവേഷകരാണ് ബുഹൈസിെൻറ ചരിത്രത്തിലേക്ക് വെളിച്ചം വീശിയത്. എന്നാൽ, 1980കളുടെ അവസാനം വരെ വിപുലമായ ഖനനം നടന്നില്ല. ഫ്രാൻസിൽ നിന്നുള്ള ഗവേഷകർ 1990 കളുടെ ആരംഭത്തിൽ നടത്തിയ ഉദ്ഖനനമാണ് പൗരാണികതയുടെ മണ്ണരടുകളിൽ നിന്ന് ചരിത്രത്തിെൻറ ശവകല്ലറകൾ കണ്ടെത്തിയത്. ഷാർജ സർക്കാരിെൻറ ഡയറക്ടറേറ്റ് ഓഫ് ആൻറിക്വിറ്റീസിലെ ഗവേഷകർ ബി.എച്ച്.എസ് 12 എന്ന ശവക്കുഴിയിൽ ഒട്ടകത്തെ കണ്ടെത്തിയതോടെ പ്രദേശം ഗവേഷകരുടെ ഇഷ്ട ഭൂമികയായി. തെക്കൻ അറേബ്യയിലെ പ്രധാന നവീന ശിലായുഗ സൈറ്റുകളിലൊന്നായി ജബൽ ബുഹൈസ്' മാറി.
600ഓളം പേരുടെ പൂർണ്ണ അവശിഷ്ടങ്ങൾ സൈറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. യുഗങ്ങളിൽ നിന്ന് യുഗങ്ങളിലേക്കുള്ള യാത്രകൾ ബുഹൈസിെൻറ ശിലാപാളികയിൽ തീർത്ത ശിൽപങ്ങളിൽ നിന്ന് മനുഷ്യെൻറ കാലോചിതമായ മാറ്റങ്ങൾ വായിച്ചെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.