ബ്രസീൽ ടീമിന്റെ ആഹ്ലാദം

വേൾഡ് കപ്പ് ഗാലറി

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഫു​ട്​​ബാ​ൾ ലോ​ക​ക​പ്പ്​ പ​ശ്ചിമേ​ഷ്യ​യു​ടെ മ​ണ്ണി​ലേ​ക്ക്​ വി​രു​ന്നെ​ത്തു​ക​യാ​ണ്. ഗ​ൾ​ഫ്​ മേ​ഖ​ല​യെ മു​ഴു​വ​ൻ ആ​വേ​ശ​ക്കൊ​ടു​മു​ടി​യി​ൽ എ​ത്തി​ക്കു​ന്ന ഖ​ത്ത​റി​ലെ സോ​ക്ക​ർ മാ​മാ​ങ്ക​ത്തി​ന്‍റെ ആ​വേ​ശം യു.​എ.​ഇ​യി​ലും ദൃ​ശ്യ​മാ​ണ്. ഇ​മാ​റാ​ത്തി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ താ​മ​സി​ച്ച്​ ദി​നേ​നെ ലോ​ക​ക​പ്പി​നാ​യി പ​റ​ക്കാ​ൻ സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും മാ​ത്ര​മ​ല്ല, ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ​യും യൂ​റോ​പ്പി​​ലെ​യും ആ​രാ​ധ​ക​ക്കൂ​ട്ട​ങ്ങ​ൾ വ​രെ ത​യാറാ​യി​ക്ക​ഴി​ഞ്ഞു. ഫു​ട്​​ബാ​ൾ ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശ​ത്തോ​ടൊ​പ്പം ചേ​രു​ന്ന 'ഇ​മാ​റാ​ത്ത്​ ബീ​റ്റ്​​സ്​' മ​ഹാ​മേ​ള​യു​ടെ ച​രി​ത്ര​ത്തി​ലെ സു​വ​ർ​ണ നി​മി​ഷ​ങ്ങ​ൾ നി​ങ്ങ​ൾ​ക്ക്​ 'വേ​ൾ​ഡ്​​ക​പ്പ്​ ഗാ​ല​റി'​യി​ലൂ​ടെ പ​രി​ച​യ​​പ്പെ​ടു​ത്തു​ക​യാ​ണ്.

കാനറികളുടെ ഉന്മാദം

വർഷം 1950. ബ്രസീൽ ലോകകപ്പിന്‍റെ ഫൈനൽ അരങ്ങേറിയ മാറ​ക്കാന സ്​റ്റേഡിയത്തിലെ മനുഷ്യസാഗരത്തിന്‍റെ എണ്ണം 199,850 എന്ന്​ രേഖപ്പെടുത്തിയ ദിനം. ബ്രസീലുകാരെല്ലാം റിയോയിലോ, ഗാലറിയിലോ ഉണ്ട്​. ആ ദിവസത്തിലെ രണ്ട്​ കാഴ്ചകളെ അറിഞ്ഞ്​ 1958 സ്വീഡൻ ലോകകപ്പിന്‍റെ കഥയിലേക്ക്​ നീങ്ങാം.

ആ കഥയിലെ ആദ്യ നായകൻ മാനുവൽ ഫ്രാൻസിസ്​കോ ഡോസ്​ സാന്‍റോസ്​ എന്ന ഫുട്​ബാൾ ആരാധകക്ക്​ പരിചിതനായ ഗരിഞ്ച. മാറക്കാനയിൽ പന്തുരുളുമ്പോൾ 17 വയസ്സായിരുന്നു ഗരിഞ്ചക്ക്​ പ്രായം. ഫാക്ടറിയി​ലെ ഫുട്​ബാൾ ടീമിൽ വല്ലപ്പോഴും കളിക്കും. തെന്നി നീങ്ങുന്ന മീനിനെപ്പോലെ കളത്തിൽ പന്തുമായി നീങ്ങുന്ന കൗമാരക്കാരൻ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റുമെങ്കിലും കളി ഗരിഞ്ചക്ക്​ അത്ര കാര്യമായിരുന്നില്ല. അതുകൊണ്ട്​ തന്നെ മാറക്കാനയി​ൽ കളിമുറുകിയ ദിനം ഗരിഞ്ച മീൻപിടിക്കാൻ പോയതായിരുന്നു. തിരികെ വീട്ടിലേക്ക്​ വരുമ്പോഴാണ്​ സംഭവങ്ങളുടെ ഗൗരവം കൗമാരക്കാരന്​ മനസ്സിലാവുന്നത്​. ബ്രസീൽ ഉറുഗ്വായ് യോട്​ തോറ്റിരിക്കുന്നു. തെരുവിലെല്ലാം നാട്ടുകാർ കരയുന്ന കാഴ്ചയാണ്​. എന്നാൽ, ഇതിനുമാത്രം എന്താണ്​ സംഭവിച്ചതെന്നായിരുന്നു ഗരിഞ്ചയുടെ ഭാവം. അതുകൊണ്ടു തന്നെ ആ തോൽവിയൊന്നും അയാളെ തെല്ലും ഏശിയില്ല.

രണ്ടാമന്​ അന്ന് പത്തു വയസ്സ്​. പേര്​, എഡിസൺ അരാന്‍റസ്​ ഡോ നാസിമെൻറോ എന്ന പെലെ. മാറക്കാനയിൽ കളി മുറുകിയ സായാഹ്​നത്തിൽ വീട്ടിലെ റേഡിയോയിൽ ചെവിയും കൂർപ്പിച്ചിരിക്കുന്ന അച്ഛനായിരുന്നു പെലെയുടെ ഓർമയിൽ. മത്സരത്തിൽ ബ്രസീൽ തോറ്റതിനു പിന്നാലെ, നിലവിട്ട്​ കരയുന്ന പിതാവിനെയാണ്​ പെലെ കണ്ടത്​. ആദ്യമായി അച്ഛൻ കരയുന്നത്​ കണ്ട പെലെ ഒരു വാക്കു നൽകി -'രാജ്യത്തിനും അച്ഛനുമായി ഒരു നാൾ ഈ ട്രോഫി ഞാൻ നേടിത്തരും'.

എട്ടു വർഷങ്ങൾക്കു ശേഷം, 1958 ജൂണിൽ സ്വീഡനിൽ ലോകകപ്പ്​ പോരാട്ടത്തിന്​ പന്തുരുളുമ്പോൾ ബ്രസീലി​നെ കിരീടത്തിലേക്ക്​ നയിച്ച രണ്ടുപേരായിരുന്നു ഗരിഞ്ചയും പെലെയും. സ്വീഡൻ ലോകകപ്പിലൂടെ കാൽപന്തിന്‍റെ പുണ്യഭൂമിയിലേക്ക്​ ആദ്യ ലോകകപ്പ്​ കിരീടമെത്തിയത്​ ഇവർ രണ്ടുപേരുടെ കൂടി കഥയാണ്​.

●●●

1954 ബേണിൽ പശ്ചിമ ജർമനിയുടെ അത്ഭുത കാഴ്ചകളും, ഫെറങ്ക്​ പുഷ്കാസിന്‍റെ മാന്ത്രിക മഗ്യാറുകളുടെ പതനവും കണ്ട ഞെട്ടലിൽനിന്നും നാലുവർഷം കറങ്ങിത്തിരിഞ്ഞ്​ കാൽപന്ത്​ ലോകമെത്തിയത്​ മ​റ്റൊരു പുതു മണ്ണിൽ. യൂറോപ്പിലെ തന്നെ സ്വീഡനായിരുന്നു ഇത്തവണ ലോകകപ്പിന്‍റെ വേദി. 1950 ബ്രസീൽ ലോകകപ്പിന്​ മുന്നോടിയായി നടന്ന ഫിഫ കോ​ൺഗ്രസിൽ തന്നെ സ്വീഡനെ വേദിയായി തെരഞ്ഞെടുത്തിരുന്നു.

ആതിഥേയരായി സ്വീഡനും, നിലവിലെ ചാമ്പ്യന്മാരായി പശ്ചിമ ജർമനിയും നേരിട്ട്​ യോഗ്യത നേടി. ശേഷിച്ച 14ൽ ഒമ്പത്​ സ്ഥാനങ്ങൾ യൂറോപ്പിനും മൂന്ന്​ ബർത്ത്​ തെക്കൻ അമേരിക്കക്കും ഒാരോ ബർത്ത്​ വീതം വടക്ക്​-മധ്യ അമേരിക്ക, ഏഷ്യ/ ആഫ്രിക്ക മേഖലക്കായി അനുവദിച്ചു. ഏഷ്യ-ആഫ്രിക്ക മേഖല യോഗ്യതാ റൗണ്ടിന്‍റെ അവസാന മത്സരങ്ങളിൽനിന്നും, ഇന്തോനേഷ്യ, സുഡാൻ, ഈജിപ്ത്​ മത്സരങ്ങൾ പിൻവാങ്ങിയതോടെ ആരുമില്ലാതായി. ഒടുവിൽ, അതും യൂറോപ്പിന്​ സമ്മാനിച്ച്​ പട്ടിക തികച്ചു. 1934ന്​ ശേഷം, ലോകകപ്പിലേക്ക്​ അർജന്‍റീനയുടെ തിരിച്ചുവരവിനും, സോവിയറ്റ്​ യൂനിയന്‍റെ ആദ്യ പങ്കാളിത്തത്തിനും സ്വീഡൻ സാക്ഷിയായി. രണ്ടുവട്ടം ജേതാക്കളായ ഉറുഗ്വായ്ക്ക് യോഗ്യത നേടാനും കഴിഞ്ഞില്ല. 16 ടീമുകൾ നാല്​ ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു പോരാട്ടങ്ങൾക്ക്​ തുടക്കം. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ടു സ്ഥാനക്കാർ ക്വാർട്ടറിലേക്ക്​ യോഗ്യത നേടുന്ന രീതിയിലെ അങ്കം. ഒന്നാം റൗണ്ടിലെ വാശിയേറിയ അങ്കം അവസാനിച്ചപ്പോൾ പശ്ചിമ ജർമനി, ​വടക്കൻ അയർലൻഡ്​, ഫ്രാൻസ്​, യുഗോസ്‍ലാവ്യ, സ്വീഡൻ, വെയ്​ൽസ്, ബ്രസീൽ, സോവിയറ്റ്​ യൂനിയൻ ടീമുകൾ ക്വാർട്ടറിലെത്തി.

അർജന്‍റീനയും ഇംഗ്ലണ്ടും ആദ്യ റൗണ്ടിൽതന്നെ നിരാശയോടെ മടങ്ങി. ​സെമിയിൽ ബ്രസീൽ ഫ്രാൻസിനെയും, ആതിഥേയരായ സ്വീഡൻ ​പശ്​ചിമ ജർമനിയെയും തോൽപിച്ചു. സ്​റ്റോക്ക്​ഹോമിലെ റസുൻഡ സ്​റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ബ്രസീൽ 5-2ന്​ സ്വീഡനെ തോൽപിച്ച്​ തങ്ങളുടെ ​ആദ്യ​ ലോകകിരീടമണിഞ്ഞു. എട്ടു വർഷത്തെ കണ്ണീർ ഓർമകൾക്കു ശേഷം, കാനറികളുടെ മണ്ണ്​ ആനന്ദ നൃത്തമാടിയ ദിനമായി 1958 ജൂൺ 29.

വാവയും കൗമാരക്കാരൻ പെലെയും ഇരട്ട ഗോളുകൾ കുറിച്ച്​ ബ്രസീലിന്‍റെ സൂപ്പർതാരമായി മാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.