അബൂദബി: അബൂദബി എമിറേറ്റിന്‍റെ പരിധിയില്‍ വരുന്ന ദാസ് ഐലന്‍ഡിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി അടക്കം രണ്ടുപേര്‍ മരിച്ചു. ആലപ്പുഴ നൂറനാട് സന ഭവനില്‍ ഷാനി ഇബ്രാഹീമാണ് (49) മരിച്ചത്. ശനിയാഴ്ച രാത്രി 8.30നാണ് അപകടം. ഷാനി ഓടിച്ച പിക്കപ്പ് വാഹനം ദാസ് ഐലന്‍ഡിനു സമീപത്തെ പൈപ്പ് ലൈനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഷാനിയെ കൂടാതെ പാക്കിസ്ഥാന്‍ സ്വദേശിയും മരണപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പാക്കിസ്ഥാനികള്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.
ഡെസ്‌കോണ്‍ എന്‍ജിനീയറിങ് കമ്പനിയുടെ ഡ്രൈവറായി മൂന്നു മാസത്തെ ഷട്ട്ഡൗണ്‍ ജോലിക്കായിട്ടാണ് ഒരുമാസം മുമ്പ് ദാസ് ഐലന്‍ഡിലേക്ക് ഷാനി പോയത്. പെര്‍മിറ്റും മറ്റും തയ്യാറായി ഒരാഴ്ച മുൻപാണ് ജോലിയില്‍ പ്രവേശിച്ചത്.
യു.എ.ഇ ഡിഫന്‍സില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്ന പരേതനായ ഇബ്രാഹീമിനും മാതാവ് സബൂറയ്ക്കും ഒപ്പം കുടുംബമായി ഇവിടെ തന്നെയാണ് ഷാനി താമസിച്ചിരുന്നത്. മകള്‍ ഷഹനയുടെ വിവാഹത്തോടെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒന്നര മാസം മുമ്പ് വീണ്ടും മടങ്ങി എത്തുകയായിരുന്നു.
മൃതദേഹങ്ങള്‍ ബദാസാഇദ് ആശുപത്രിയില്‍ എത്തിച്ചു. പൊലീസില്‍ നിന്നുള്ള രേഖകള്‍ ശരിയാക്കിയ ശേഷം അബൂദബി ബനിയാസ് ആശുപത്രിയിലേക്കു മാറ്റും. ബനിയാസില്‍ എംബാമിങ് നടത്തി തിങ്കളാഴ്ച രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
സാമൂഹിക പ്രവര്‍ത്തകരായ അഷ്‌റഫ് താമരശ്ശേരി, ഷെഫീഖ്, ഷാനി ജോലി ചെയ്യുന്ന കമ്പനി അധികൃതര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങള്‍ നടത്തിവരുന്നു. റജീനയാണ് ഷാനിയുടെ ഭാര്യ. മരുമകന്‍: ഹാഫിസ് ദുബൈയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.