ദുബൈ: പെരുന്നാൾ ദിനത്തിൽ ദുബൈയിൽ നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. തൃശൂർ കൊടുങ്ങല്ലൂരിലെ ഏരിയാട് പേബസാർ പുറക്കലത്ത് വീട്ടിൽ സിദ്ദീഖിന്‍റെ മകൻ മുഹമ്മദ് സബീഹ് (25) ആണ് മരിച്ചത്. അൽഐൻ റോഡിൽ ഇന്നലെ രാത്രിയാണ് അപകടം. പെരുന്നാൾ ദിനത്തിൽ കൂട്ടുകാർക്കൊപ്പം രണ്ട് കാറുകളിലായി മരുഭൂമി യാത്രക്കായി പോയതായിരുന്നു.
മരുഭൂമിയിൽ എത്തുന്നതിന് തൊട്ടു മുമ്പ് മണലിൽ പൂണ്ടുപോയ മറ്റൊരു വാഹനത്തെ സഹായിക്കുന്നതിനായാണ് സബീഹ് കാറിൽ നിന്ന് ഇറങ്ങിയത്. ടയറുകൾ മണലിൽ ആണ്ടുപോയ വാഹനം മുന്നോട്ടെടുക്കാൻ സഹായിക്കുന്നതിനിടെ മണ്ണ് തെറിച്ച് കണ്ണിലേക്ക് വീഴുകയായിരുന്നു. ഇതോടെ ഇയാൾ അബദ്ധത്തിൽ റോഡിലേക്ക് മാറിയതും പിറകെ വന്ന ഇവരുടെ തന്നെ സുഹൃത്തുക്കളുടെ വാഹനമിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സബീഹിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ദുബൈ ഫോറൻസിക് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
രണ്ട് മാസം മുമ്പാണ് സബീഹ് ജോലി അന്വേഷിച്ച് വിസിറ്റിങ് വിസയിൽ ദുബൈയിൽ എത്തിയത്. എട്ടാം തീയതി ഒരു കമ്പനിയിൽ ജോലിക്ക് പ്രവേശിക്കാനിരിക്കെയാണ് ദുരന്തം സംഭവിക്കുന്നത്. മാതാവ് റൂബി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ പൂർത്തീകരിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.