ദുബൈ: ശക്തമായ ആലിപ്പഴവർഷത്തിൽ അൽഐനിലെ സെക്കൻഡ് ഹാൻഡ് കാർ ഷോറൂം ഉടമക്ക് നഷ്ടമായത് 50 ലക്ഷം ദിർഹം.അൽഐനിലെ അൽ മുതാമദ് കാർ ഷോറൂം ഉടമയും സ്വദേശിയുമായ മുഹമ്മദ് റാശിദ് അബ്ദുല്ലക്കാണ് വൻ നഷ്ടം സംഭവിച്ചത്. കഴിഞ്ഞയാഴ്ച യു.എ.ഇയിലുടനീളമുണ്ടായ ശക്തമായ മഴയോടൊപ്പമുണ്ടായ ആലിപ്പഴവീഴ്ചയിൽ ഇദ്ദേഹത്തിന്റെ ഷോറൂമിലുണ്ടായിരുന്ന 47 കാറുകൾക്കാണ് നാശം സംഭവിച്ചത്. ഗോൾഫ് ബാളുകളെക്കാൾ വലുപ്പത്തിലുള്ള ആലിപ്പഴങ്ങളാണ് കാറിന് മുകളിൽ വീണത്. ഷോറൂമിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ബെന്റ്ലി, ലക്സസ് മിനി കൂപ്പർ, റേഞ്ച് റോവർ തുടങ്ങിയ അത്യാഡംബര കാറുകളാണ് നശിച്ചത്. വലിയ ആലിപ്പഴങ്ങൾ വീണ് കാറുകളുടെ ചില്ലുകൾ തകരുകയും ബോണറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
അതോടൊപ്പം ശക്തമായ മഴയിൽ കാറുകൾക്കകത്ത് വെള്ളം കയറി. 22 വർഷത്തെ ബിസിനസിനിടയിൽ പ്രകൃതിദുരന്തത്തിൽ ഇത്ര വലിയ നഷ്ടം ആദ്യമാണ്. അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത്ര വലിയ ദുരന്തമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അബ്ദുല്ല പറഞ്ഞു.
വിൽപന നടത്തിയശേഷം മാത്രമേ കാറുകൾക്ക് ഇൻഷുർ ലഭിക്കൂവെന്നതിനാൽ നഷ്ടം നികത്താനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോപ്പർട്ടി ഓൾ റിസ്ക് ഇൻഷുറൻസ് എടുത്താൽ മാത്രമേ നഷ്ടപരിഹാരം അനുവദിക്കാനാവൂവെന്നാണ് ഇൻഷുറൻസ് മേഖലയിലെ വിദഗ്ധർ പറയുന്നത്. ആലിപ്പഴവീഴ്ചയിൽ മലയാളികളായ ഒട്ടനവധി പേർക്കും വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.