അജ്മാന്: പ്രവാസലോകത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വരെയുള്ള സംഗതികളില്‍ നിരവധി പ്രവാസികള്‍ പെട്ടുപോയിട്ടുണ്ട്. കാര്‍ഗോ അയച്ച് പറ്റിക്കപ്പെടുന്നത് അത്തരത്തിലൊന്ന് മാത്രമാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. പൊന്നാനി സ്വദേശിയും ഷാര്‍ജയില്‍ ഫാര്‍മസിസ്റ്റുമായ അബ്ദുല്‍ സലാം കാർഗോയില്‍ സാധനങ്ങള്‍ അയച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു ഇത് വരെ വീട്ടില്‍ കിട്ടിയിട്ടില്ല. സലാം താമസിക്കുന്ന കെട്ടിടത്തിലെ വാച്ച്മാനും മറ്റു താമസക്കാരും ഇക്കൂട്ടത്തില്‍ സാധനങ്ങള്‍ അയച്ചിട്ടുണ്ട്. ആര്‍ക്കും ഇതുവരെ സാധനങ്ങള്‍ കിട്ടിയിട്ടില്ല. കമ്പനി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടിട്ടും ആശ്വാസകരമായ മറുപടി ലഭിച്ചില്ല. അയച്ച സാധനങ്ങള്‍ ഏതാണ്ടെല്ലാം ഇപ്പോള്‍ കാലാവധി കഴിഞ്ഞിട്ടുണ്ടാകും എന്നതിനാല്‍ ഇനിയും നടന്ന് ചെരിപ്പ് തേയാന്‍ ഇല്ലെന്നാണ് ഇവരുടെ പക്ഷം.
തന്റെ ജോലി നഷ്ടപ്പെട്ടപ്പോഴാണ് അജ്മാനില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി നിസാം കുടുംബത്തെ നാട്ടിലേക്ക് അയച്ചത്. താമസ സ്ഥലത്തെ സാധനങ്ങളെല്ലാം കൂട്ടി കാർഗോയിൽ നാട്ടിലേക്ക് അയച്ചു. വാഗ്ദാനം ചെയ്ത സമയത്തിന് സാധനങ്ങള്‍ നാട്ടിലെത്തിയില്ല. അതിനിടയിൽ നിസാം നാട്ടിലെത്തി മൂന്ന് മാസം കഴിഞ്ഞു തിരിച്ചു വീണ്ടും യു.എ.ഇയിൽ എത്തി. എന്നിട്ടും ഇദ്ദേഹം അയച്ച കാർഗോ വീട്ടില്‍ എത്തിയില്ല. ഒന്നര വർഷത്തിന് ശേഷമാണ് നാട്ടിലേക്ക് അയച്ച സാധനങ്ങള്‍ വീട്ടില്‍ കിട്ടിയത്. സാധനങ്ങള്‍ കിട്ടാതെ വരുമ്പോള്‍ കമ്പനിക്കാരുമായി ബന്ധപ്പെട്ടാല്‍ ചിലരുടെ മറുപടിതന്നെ അസ്സഹനീയമാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
അജ്മാനിലെ കാര്‍ഗോ കമ്പനി വഴി സാധനങ്ങളയച്ച റിയാസ് ഖാന് 12 ദിവസത്തിനുള്ളില്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. ഇപ്പോള്‍ 11 മാസം കഴിഞ്ഞു. അയച്ച സാധനങ്ങളുടെ കാലാവധിയും കഴിഞ്ഞു. ഒരുപാട് തവണ ബന്ധപ്പെട്ടപ്പോള്‍ ബില്ല് കൊണ്ട് വന്നാല്‍ ഇൻഷുറൻസ് കിട്ടുമെന്ന് കാർഗോക്കാര് പറഞ്ഞതനുസരിച്ച് ഇദ്ദേഹം ബില്ലുമായി ചെന്നപ്പോള്‍ ‘ഇൻഷുറന്റ് റിജക്റ്റ് ചെയ്തു’ എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് ബന്ധപ്പെടുമ്പോള്‍ ലഭിക്കുന്ന മോശം മറുപടികള്‍ വേറെയും. കാലതാമസത്തില്‍ ലഭിക്കുന്ന സാധനങ്ങളില്‍ വിലപ്പെട്ടത് പൊട്ടിയ അവസ്ഥയിലാണ് ചിലര്‍ക്ക് ലഭിക്കുന്നത്.
എറണാകുളം സ്വദേശി വിജയിന് വൈകി കിട്ടിയ പെട്ടിയില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ പൊട്ടിയ നിലയിലാണ് കിട്ടിയത്. എടപ്പാള്‍ സ്വദേശിയായ ജാബിറിന് സാധനങ്ങള്‍ കിട്ടിയത് മൂന്നു മാസങ്ങള്‍ കഴിഞ്ഞിട്ടാണ്. സാധനങ്ങള്‍ ഏല്പിക്കാന്ചെന്ന സമയത്തെ പെരുമാറ്റമല്ല അയച്ചുകഴിഞ്ഞാലെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇദ്ദേഹം പറയുന്നു. ആയിരമോ രണ്ടായിരമോ ദിര്‍ഹം മൂല്യം വരുന്ന സാധനങ്ങളാണ് മിക്കവാറും അയക്കുന്നത്.
അയച്ച സാധനങ്ങള്‍ കിട്ടാതെ വരുമ്പോള്‍ പിന്നാലെ നടക്കലും കൂടുതല്‍ ധന നഷ്ടവുമാണ് പലരെയും പിന്തിരിപ്പിക്കുന്നത്. എവിടെപ്പോയി പരാതി പറയും എന്നത് നിശ്ചയമില്ലാത്തവരാണ് ഭൂരിഭാഗവും. വാങ്ങിയ സാധനങ്ങളുടെ ബില്ല് കൈയില്‍ കരുതിയാലും രക്ഷയില്ലെന്നതാണ് പലരുടെയും അനുഭവം. ഈ അനുകൂല സാഹചര്യമാണ് ഇത്തരം കറക്ക് കമ്പനികളെ സംരക്ഷിക്കുന്നതും. അതേസമയം, പറഞ്ഞ സമയത്തിന് സാധനങ്ങള്‍ കൃത്യസ്ഥലത്ത് എത്തിക്കുന്ന കമ്പനികളും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അനുഭവസ്ഥര്‍ വിവരിക്കുന്നു. ഇവരുടെ വിശ്വാസ്യതയെ കൂടി ബാധിക്കുന്ന രീതിയിലാണ് അനധികൃത സ്ഥാപനങ്ങളുടെ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.