അബൂദബി: അബൂദബിയിലെ മരൂഭൂമിയിൽ പൂച്ചകളെ കൂട്ടത്തോടെ ഉപേക്ഷിച്ച സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അബൂദബിയിലെ അൽഫല മേഖലയിലാണ് 150ലധികം പൂച്ചകളെയും ചില നായ്ക്കളെയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണവും വെള്ളവുമില്ലാതെ കൊടുംചൂടിൽ ഇവയിൽ 62 എണ്ണം ചത്തു. 90 എണ്ണത്തിനെ രക്ഷിക്കാൻ കഴിഞ്ഞതായി മൃഗസ്നേഹികൾ പറഞ്ഞു.
മൃഗങ്ങളുടെ ക്ഷേമത്തിനും അവകാശത്തിനുമായി പ്രവർത്തിക്കുന്ന ചില കൂട്ടായ്മകൾ ഇവയുടെ വിഡിയോയും ചിത്രങ്ങളും പുറത്തുവിട്ടതോടെയാണ് അബൂദബി നഗരസഭ ഗതാഗത വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. മൃഗങ്ങളെ ഉപേക്ഷിച്ചത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും പരിഷ്കൃത സമൂഹത്തിന് ചേരാത്ത പ്രവൃത്തിയാണെന്നും നഗരസഭ വകുപ്പ് ചൂണ്ടിക്കാട്ടി. കുറ്റക്കാരെ കണ്ടെത്തി ശിക്ഷാ നടപടി സ്വീകരിക്കും. പൂച്ചകളെ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം വിലയിരുത്തും. ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിപ്പെടുത്തിയ സന്നദ്ധ പ്രവർത്തകരുടെയും മൃഗസ്നേഹികളുടെയും വികാരത്തെ മാനിക്കുന്നുവെന്നും നഗരസഭ വകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.