പ്രവാസലോകത്ത് പലരുടെയും കൂട്ടാണ് വളർത്തുമൃഗങ്ങൾ. സ്വന്തമായൊരു അരുമമൃഗത്തേയോ പക്ഷിയേയോ സൂക്ഷിക്കുന്ന നിരവധിപേരെ ചുറ്റുംകാണാവുന്നതാണ്. ചില രാജ്യക്കാർ വലിയ പരിലാളനയോടെയാണ് വളർത്തുമൃഗങ്ങളെ കൊണ്ടുനടക്കുന്നത്. ഉടമക്കും വളർത്തുമൃഗങ്ങൾക്കുമിടയിൽ വര്‍ഷങ്ങള്‍ നീളുന്ന സവിശേഷബന്ധവും കാണാറുണ്ട്. പൂച്ചകളെ അരുമകളായി സ്വീകരിച്ച് പോറ്റിവളർത്തുന്ന മലയാളികളുമുണ്ട്.
അക്കൂട്ടത്തിൽ വ്യത്യസ്തനാണ് നാദാപുരം മുടവന്തേരി സ്വദേശി കെ.വി കാസിം. 80 പൂച്ചകളാണ് ഇദ്ദേഹത്തിന്റെ കൂട്ടായുള്ളത്. അവീറിലെ താമസ സ്ഥലത്തിന് തൊട്ടടുത്ത് ഫാമിലാണ് കാസിം പൂച്ചകളെ വളർത്തുന്നത്. റാസൽഖൈമയിൽ നിന്ന് കൊണ്ടുവന്ന ഏതാനും പൂച്ചകളായിരുന്നു ആദ്യ കാലത്തുണ്ടായിരുന്നത്.
പിന്നീട് പലയിടങ്ങളിലും ഒറ്റപ്പെട്ട പൂച്ചകളെ കൂടെക്കൂട്ടി ഭക്ഷണവും മറ്റും നൽകി സംരക്ഷിക്കുകയായിരുന്നു. വ്യത്യസ്ത വർണത്തിലും വിഭാഗങ്ങളിലുമുള്ള പൂച്ചകൾ കൂട്ടത്തിലുണ്ട്. പുലിയെ പോലെ തോന്നിക്കുന്ന പൂച്ചയെ ‘ടൈഗർ പൂച്ച’യെന്നും ചെമ്പിച്ച രോമങ്ങളുള്ളതിനെ ‘ഇംഗ്ലീഷ് പൂച്ച’യെന്നുമൊക്കെയാണ് കാസിം പരിചയപ്പെടുത്തുന്നത്.
മൽസ്യവും ഡ്രൈഫിഷും മറ്റുമടങ്ങുന്ന ഭക്ഷണം 80പൂച്ചകൾക്കും ദിവസവും രണ്ടുനേരം നൽകുന്നുണ്ട്. പൂച്ചകൾക്ക് കാസിമിനോട് വലിയ ഇഷ്ടമാണെന്ന് അദ്ദേഹം പറയുന്നു. പുറത്തുപോയി തിരിച്ചുവരുന്നത് വരെ എന്നെ കാത്തിരിക്കും. അടുത്തെത്തിയാൽ വടമിട്ട് കൂടിനിൽക്കുകയും തലോടലിനായി കാത്തുനിൽക്കുകയും ചെയ്യും -അദ്ദേഹം കൂട്ടിച്ചേർത്തു. ഇവയെ താമസിപ്പിച്ച സ്ഥലത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് ഇദ്ദേഹം സംരക്ഷിക്കുന്നത്. പൂച്ചകൾകൊപ്പം നിരവധി പക്ഷികൾക്കും ഭക്ഷണം നൽകുന്നുണ്ട്.
കൗതുക വാർത്തകളും നാണയങ്ങളും സ്റ്റാമ്പുകളും സൂക്ഷിക്കുന്ന പതിവും കാസിമിനുണ്ട്. പത്രത്തിൽ കൗതുകമായതെന്ത് കണ്ടാലും സൂക്ഷിച്ചുവെക്കുന്നതാണ് പ്രധാന ഹോബി. ഏറ്റവും പ്രായമേറിയ ആളെക്കുറിച്ചും നീളം കൂടിയ വ്യക്തിയെ കുറിച്ചും തുടങ്ങി, ഏറ്റവും വലിയ കുമ്പളങ്ങയെയും അപൂർവ പൂമ്പാറ്റയെയും കുറിച്ച വാർത്തകൾ വരെ വെട്ടി നിധിപോലെ സൂക്ഷിക്കുന്നുണ്ട്. കൗതുക വാർത്തകളോടുള്ള കമ്പം പതിയെ സ്റ്റാമ്പുകളും നാണയങ്ങളും കറൻസികളും ശേഖരിക്കുന്നതിലേക്ക് നയിച്ചു.
ഇപ്പോൾ അപൂർവ സ്റ്റാമ്പുകൾ, നാണയങ്ങൾ, പത്രക്കട്ടിങുകൾ, ടെലിഫോൺ കാർഡുകൾ എന്നിവയുടെ ശേഖരം 30കിലോയിലേറെ വരും. ഇവയിൽ നൂറിലേറെ രാജ്യങ്ങളിലെ നാണയങ്ങൾ, 50ലേറെ രാജ്യങ്ങളിലെ കറൻസികൾ, വ്യത്യസ്ത രാജ്യങ്ങളിലെ സ്റ്റാമ്പുകൾ എന്നിവ ഉൾപ്പെടും.
അതുപോലെ മൊബൈൽ ഫോൺ സജീവമാകുന്നതിന് മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന വ്യത്യസ്തമായ ഫോൺ കാർഡുകൾ ആയിരത്തിലേറെ ശേഖരത്തിലുണ്ട്. ദുബൈയിൽ പ്രമുഖ സ്വദേശി കുടുംബത്തിൽ പി.എയായി ജോലി ചെയ്യുന്നതിനാൽ പല നാടുകളിലും സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.
ഈ സമയത്താണ് അവിടങ്ങളിലെ നാണയങ്ങളും കറൻസികളും ശേഖരിച്ചത്. 1981ൽ ദുബൈയിലെത്തിയ കാസിം പ്രവാസത്തിന്റെ നാലു പതിറ്റാണ്ട് പിന്നിട്ട വ്യക്തിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.