അബൂദബി: ഒട്ടകങ്ങളുടെ ഭ്രൂണത്തില്‍ നിന്നു കോശങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിലും അവ ലബോറട്ടറിയില്‍ വളര്‍ത്തുന്നതിലും വിജയം കൈവരിച്ച് അബൂദബി. പേശി കോശങ്ങളില്‍ നിന്നും ഭ്രൂണങ്ങളുടെ അവയവങ്ങളില്‍ നിന്നുമാണ് ഈ കോശങ്ങള്‍ അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം ശേഖരിച്ചത്. ഒട്ടകങ്ങളിലെ രോഗങ്ങള്‍ ചികിത്സിക്കുന്നതിനും വൈറസ് ബാധയുടെ രീതികള്‍ മനസ്സിലാക്കുന്നതിനും ഒട്ടകങ്ങളുടെ രോഗങ്ങള്‍ നിര്ണയിക്കുന്നതിനുമൊക്കെ ഈ നേട്ടം സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഒട്ടകങ്ങളുടെ കോശങ്ങളുടെ ജീവശാസ്ത്രവും അവ മരുന്നുകളോടും ആന്റിവൈറസിനോടും മറ്റ് രാസവസ്തുക്കളോടുമൊക്കെ എങ്ങനെ ഇടപെടുന്നു എന്നതൊക്കെ മനസ്സിലാക്കാന്‍ ഈ പഠനം ഗവേഷകരെ സഹായിക്കും. അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ കീഴിലുള്ള കൊളാബറേറ്റിങ് സെന്റര്‍ ഫോര്‍ കാമല്‍ ഡിസീസ് ആണ് ഈ നേട്ടം കൈവരിച്ചത്. ഒമ്പത് അംഗരാജ്യങ്ങള്‍ ഉള്‍പ്പെട്ട മിഡില്‍ ഈസ്റ്റ് കാമല്‍ നെറ്റ് വര്‍ക്ക് കൈകാര്യം ചെയ്യുന്നതും ഈ കേന്ദ്രമാണ്.
ഒട്ടകങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ നിര്‍ണയിക്കുന്നതിനു സഹായിക്കുന്നതിനുപുറമേ പ്രോട്ടീനുകളുടെയും വാക്സിനുകളുടെയും ഉല്പാദനത്തിനും പഠനം സഹായകമാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.