ദുബൈ: ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ പങ്കാളിത്തകരാർ (സെപ) ഒപ്പുവെച്ചതോടെ ഉഭയകക്ഷി വ്യാപാരത്തിന്റെ കേന്ദ്ര ബിന്ദുവായി ജബൽ അലി പോർട്ടും ഫ്രീസോണും (ജഫ്സ). ഇരുരാജ്യങ്ങളും തമ്മിലെ എണ്ണയിതര വ്യാപാരത്തിൽ ഏറ്റവും കൂടുതൽ നടത്തുന്നത് ജഫ്സയിലെ ഇന്ത്യൻ കമ്പനികളാണ്. സെപ ഒപ്പുവെച്ചതോടെ ജഫ്സ വഴിയുള്ള ഇറക്കുമതി ഗണ്യമായി ഉയർന്നു. അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ-യു.എ.ഇ വ്യാപാര ഇടപാട് 100 ശതകോടി ഡോളറിൽ എത്തിക്കണമെന്ന ലക്ഷ്യത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് ദുബൈയും ജഫ്സയുമായിരിക്കും.
2021ലെ എണ്ണ ഇതര വ്യാപാരത്തിൽ ഏറ്റവും കൂടുതൽ നടന്ന രണ്ടാമത്തെ മേഖല ജഫ്സയായിരുന്നു. 6.5 ശതകോടി ഡോളർ മൂല്യമുള്ള 44 ലക്ഷം മെട്രിക് ടൺ ഉൽപന്നങ്ങളാണ് ജഫ്സ വഴി വ്യാപാരം നടത്തിയത്. ഈ കാലയളവിൽ നടന്ന 44.8 ശതകോടി ദിർഹമിന്റെ ഇന്ത്യ-യു.എ.ഇ വ്യാപാര ഇടപാടിൽ 38.4 ശതകോടിയും ദുബൈയിലായിരുന്നു. സെപ ലക്ഷ്യമിടുന്നത് എണ്ണയിതര മേഖലയായതിനാൽ ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ദുബൈയും ജബൽ അലി ഫ്രീസോണുമായിരിക്കും.
ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് ജബൽ അലി വഴിയാണ്. സെപ വന്നതിന് പിന്നാലെ ഇതുവഴിയുള്ള ഇറക്കുമതിയിൽ വൻ ഉയർച്ചയുണ്ടായതായി ഡി.പി വേൾഡ് സാക്ഷ്യപ്പെടുത്തുന്നു. ഇറക്കുമതി തിരുവ ഒഴിവാക്കിയതാണ് വ്യാപാര ഇടപാട് വർധിക്കാൻ പ്രധാന കാരണമെന്നും അവർ പറയുന്നു.
ഇന്ത്യൻ ബിസിനസുകാർക്ക് വിൽക്കാനും വാങ്ങാനും സ്റ്റോർ ചെയ്യാനും കയറ്റുമതി ചെയ്യാനും പ്രദർശിപ്പിക്കാനുമെല്ലാമുള്ള സൗകര്യം ജഫ്സയിലുണ്ട്. ഇതാണ് സെപ വന്നതോടെ ജഫ്സ വീണ്ടീം പ്രിയപ്പെട്ടതാകാനുള്ള മുഖ്യകാരണം. ഇവിടെയുള്ള സ്ഥാപനങ്ങൾ ഇന്ത്യയിൽ കൂടുതലായി നിക്ഷേമിറക്കാനും തുടങ്ങിയിട്ടുണ്ട്.
സെപ എത്തിയ ശേഷം ഇന്ത്യയും യു.എ.ഇയും തമ്മിലെ ഉഭയകക്ഷി വ്യാപാരം 30 ശതമാനം വർധിച്ചുവെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എട്ട് മാസത്തിനുള്ളിലാണ് വ്യാപാര മേഖലയിൽ വൻ കുതിപ്പുണ്ടായിരിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൽ 88 ശതകോടി ഡോളറിന്റെ വ്യാപാരം കൈവരിക്കാനുള്ള പാതയിലാണ് ഇരു രാജ്യങ്ങളും. വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തിൽ ഉഭയകക്ഷി സാമ്പത്തിക ഇടപെടലിന് ‘സെപ’ പുതിയ ഊർജം പകർന്നുവെന്നും കാർഷികമേഖലയിലെ വ്യാപാരത്തിനും ഉടമ്പടി പ്രയോജനപ്പെട്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.