അബൂദബി: 39 വർഷത്തെ പ്രവാസജീവിതത്തിനുശേഷം കോഴിക്കോട് ജില്ലയിലെ തിരുവള്ളൂർ ഒള്ളാച്ചേരി വീട്ടിൽ കുഞ്ഞബ്ദുല്ല തിങ്കളാഴ്ച നാടണയുന്നു. എട്ടാം ക്ലാസ് വിദ്യാഭ്യാസവുമായി 17ാം വയസ്സിലാണ് പാസ്പോർട്ട് സംഘടിപ്പിച്ച് 1981 ജൂണിൽ ദുബൈയിൽ എത്തുന്നത്. അമ്മാവനായ മലോൽ ഇബ്രാഹിം ഹാജി അയച്ച വിസയിൽ അദ്ദേഹത്തിെൻറ റാസൽഖൈമയിലെ ബക്കാലയിൽ ജോലിക്കാരനായാണ് പ്രവാസജീവിതം ആരംഭിച്ചത്.
രണ്ടുവർഷം അവിടെ ജോലി ചെയ്തശേഷം അബൂദബിയിലെത്തിയെങ്കിലും പ്രത്യേക തൊഴിൽ വൈദഗ്ധ്യമൊന്നും ഇല്ലാതിരുന്നതിനാൽ ജോലിയൊന്നും കിട്ടാതെ വീണ്ടും റാസൽഖൈമയിലേക്ക് മടങ്ങി. ഇക്കുറി ഡ്രൈവിങ് ലൈസൻസെടുത്തു. ദുബൈ ഹമരിയ മാർക്കറ്റിൽനിന്ന് പിക്അപ്പിൽ പച്ചക്കറിയെടുത്ത് റാസൽഖൈമയിൽ എത്തിച്ചു വിൽപന നടത്തുന്ന ജോലിയിൽ ഒരു വർഷം ഏർപ്പെട്ടു. തുടർന്ന് അബൂദബിയിൽ എത്തി ഡ്രൈവർ ജോലി അന്വേഷിച്ചു. മുശ്രിഫ് ഏരിയയിലെ അറബി വീട്ടിൽ ഡ്രൈവറായി മൂന്നുവർഷം. അബൂദബി മിന പോർട്ടിനു സമീപം പോർട്ടിലെ വെൽഡിങ് ജീവനക്കാർക്കായി ഒരു കാൻറീൻ തുറന്നു. മൂന്നുകൊല്ലം സ്വന്തമായ കാൻറീൻ ജോലിയിൽ തുടർന്നു. ഇതിനിടയിലാണ് അബൂദബി ഏവിയേഷനിൽ ഡ്രൈവറുടെ ജോലിയുണ്ടെന്നറിയുന്നത്.
1993 മാർച്ചിൽ ഡ്രൈവറായി അബൂദബി ഏവിയേഷനിൽ ജോലിക്കു കയറിയതോടെയാണ് ജീവിതത്തിനു അപ്രതീക്ഷിത മാറ്റങ്ങളുണ്ടാകുന്നത്. എട്ടാം ക്ലാസ് യോഗ്യതയിലും ഏവിയേഷനിലെ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് ക്ലിയറൻസിൽ സ്റ്റോർ കീപ്പറായി ഒരു വർഷത്തിനുശേഷം പ്രമോഷൻ. 1988ൽ ഷിപ്പിങ് ലോജിസ്റ്റിക് ഓഫിസറായി. കഴിഞ്ഞദിവസം വിരമിക്കുംവരെ 27 വർഷം അബൂദബി ഏവിയേഷനിൽ ജോലിചെയ്തു.
2015ൽ അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻററിലെ പഠനകേന്ദ്രത്തിൽ പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയെഴുതി. അങ്ങനെ ലഭിച്ച എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുമായാണ് മടക്കം. നാട്ടിൽ ചെന്ന് കൃഷിയിൽ ഏർപ്പെടണമെന്നാണ് ആലോചിക്കുന്നത്. ജ്യേഷ്ഠൻ നല്ലൊരു കർഷകനാണ്. അവധിക്കു നാട്ടിൽ ചെല്ലുമ്പോൾ കാർഷികവിളകൾ കണ്ടുള്ള പ്രചോദനമാണ് ഈ ആലോചനക്കുള്ള കാരണം. ഭാര്യ സുഹറ. മകൻ: എട്ടുവയസ്സുകാരൻ സ്വലാഹ്.
അബൂദബിയിൽ കോഴിക്കോട് ജില്ല കെ.എം.സി.സിയിലും നാട്ടിലെ മാലിക് ദീനാർ ഖുർആൻ ലേണിങ് ആൻഡ് റിസർച്ച് കേന്ദ്രത്തിെൻറ കോഓർഡിനേഷൻ പ്രവർത്തനങ്ങളിലും ഒഴിവുവേളകളിൽ സജീവമായിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലിന് കോഴിക്കോട്ടേക്ക് പോകുന്ന വന്ദേഭാരത് മിഷൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് പ്രവാസജീവിതം മതിയാക്കിയുള്ള മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.