ദുബൈ: ഒരാഴ്ചക്കിടെ ആറ് കോവിഡ് പരിശോധന, നാല് നെഗറ്റിവ്, രണ്ട് പോസിറ്റിവ്, യാത്ര മുടങ്ങിയത് രണ്ടു തവണ, നഷ്ടം 60,000 രൂപ. മലപ്പുറം വേങ്ങര സ്വദേശി നൗഫൽ മേലേത്തൊടിക്കാണ് ദുരനുഭവം. കോഴിക്കോട് വിമാനത്താവളത്തിലെ റാപിഡ് പരിശോധനയിൽ പോസിറ്റിവായതിനെ തുടർന്ന് രണ്ടു തവണ യാത്ര മുടങ്ങിയ നൗഫൽ മണിക്കൂറുകൾക്കകം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി നെഗറ്റിവ് ഫലവുമായി യാത്രചെയ്തു. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിക്കുണ്ടായ അനുഭവത്തിന് തൊട്ടുപിന്നാലെയാണ് മറ്റൊരാൾക്കും സമാന അനുഭവം.
അൽഐനിൽ ഫാർമസി ജീവനക്കാരനായ നൗഫൽ ഡിസംബർ 24ന് കോഴിക്കോട്ടുനിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യാൻ 25,000 രൂപ മുടക്കി ടിക്കറ്റെടുത്തിരുന്നു. ഇതിന് മുന്നോടിയായി 23ന് വേങ്ങരയിൽനിന്നെടുത്ത ആർ.ടി.പി.സി.ആർ ഫലം നെഗറ്റിവായിരുന്നു. എന്നാൽ, യാത്രക്ക് തൊട്ടുമുമ്പ് വിമാനത്താവളത്തിൽ നടത്തിയ റാപിഡ് പരിശോധനയിൽ പോസിറ്റിവ്. കോവിഡിന്റെ യാതൊരു ലക്ഷണങ്ങളുമുണ്ടായിരുന്നില്ലെങ്കിലും വീട്ടിലെത്തി ഏഴു ദിവസം ക്വാറൻറീനിൽ കഴിഞ്ഞു. 30ന് വീണ്ടും ആർ.ടി.പി.സി.ആർ എടുത്തപ്പോൾ നെഗറ്റിവ്. ഇതേ തുടർന്ന് 31ന് പുലർച്ച 5.25ന് കോഴിക്കോട്ടുനിന്ന് അബൂദബിയിലേക്ക് പുറപ്പെടുന്ന വിമാനത്തിൽ 25,000 രൂപ മുടക്കി ടിക്കറ്റ് ബുക്ക് ചെയ്തു. പക്ഷേ, യാത്രക്ക് നാലു മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ നടത്തിയ റാപിഡ് പരിശോധനയിൽ വീണ്ടും പോസിറ്റിവ്.
നേരെ ടാക്സി വിളിച്ച് നെടുമ്പാശ്ശേരിയിലെത്തി. രാവിലെ 10.51ന് നടത്തിയ പരിശോധന ഫലം നെഗറ്റിവ്. ഇതേതുടർന്ന് വൈകീട്ടുള്ള വിമാനത്തിൽ യു.എ.ഇയിൽ എത്തിയ നൗഫൽ ഷാർജ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലും നെഗറ്റിവായിരുന്നു. 20ന് മെഡിക്കൽ ആവശ്യങ്ങൾക്കായി നാട്ടിൽ നടത്തിയ പരിശോധനയിലും നെഗറ്റിവായിരുന്നു ഫലം.
രണ്ടു തവണ ടിക്കറ്റെടുത്ത വകയിൽ 50,000ത്തോളം രൂപ നഷ്ടമായി. ആദ്യ തവണ ടിക്കറ്റെടുത്തത് സ്പെഷൽ ഓഫറിലായതിനാൽ റീഫണ്ട് കിട്ടില്ല എന്നറിയിച്ചിട്ടുണ്ട്. രണ്ടാമത്തെ യാത്രക്കായി എടുത്ത ടിക്കറ്റിന് റീഫണ്ട് ലഭിക്കില്ലെങ്കിലും മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിക്കിട്ടാൻ സാധ്യതയുണ്ട്. മൂന്നാം തവണയും 25,000 രൂപ മുടക്കിയാണ് യാത്ര ചെയ്തത്. ഇതിനു പുറമെ മൂന്ന് റാപിഡ് പരിശോധനക്കും ആർ.ടി.പി.സി.ആറിനുമായി 7000ത്തോളം രൂപ വേറെയും നഷ്ടമുണ്ട്. ടാക്സി വിളിച്ച വകയിൽ നഷ്ടം വേറെ. ബൂസ്റ്റർ ഉൾപ്പെടെ മൂന്ന് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയയാളാണ് നൗഫൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.