ജനുവരി രണ്ട് മുതൽ യു.എ.ഇയിൽ പുതിയ ചെക്ക് നിയമം പ്രാബല്യത്തിലായി. ഫലത്തിൽ ഇത് ചെക്കിന്റെ സുതാര്യത വർധിപ്പിക്കുന്ന നിയമമാണ്. ചെക്ക് കേസിന്റെ സിവിൽ നടപടികൾ എളുപ്പത്തിലാകും എന്ന് മാത്രമല്ല, ചെക്ക് നൽകിയയാളുടെ അക്കൗണ്ടിലെ തുക ഭാഗികമായി പിൻവലിക്കാനുള്ള അവസരവും പരാതിക്കാരന് നൽകുന്നുണ്ട്. ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റിയെന്ന് കേട്ടതോടെ ചെക്കുകേസുകാർ ആശ്വാസത്തിലായിരുന്നു.
എന്നാൽ, സിവിൽ നിയമം കൂടുതൽ കർക്കശമാക്കുകയാണ് യഥാർഥത്തിൽ ചെയ്തത്. പുതിയ നിയമപ്രകാരം മതിയായ തുകയില്ലാതെ ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമല്ല. എന്നാൽ, ചെക്കിൽ വ്യാജ ഒപ്പിടുന്നത് പോലുള്ള വഞ്ചന കുറ്റങ്ങൾ ക്രിമിനൽ കേസിന്റെ പരിധിയിൽ വരും. പഴയ നിയമം അനുസരിച്ച് ചെക്കിൽ രേഖപ്പെടുത്തിയ തുക പൂർണമായും അക്കൗണ്ടിൽ ഉണ്ടെങ്കിൽ മാത്രമെ പണം പിൻവലിക്കാൻ കഴിയൂ. എന്നാൽ, ഭേദഗതി അനുസരിച്ച് അക്കൗണ്ടിൽ മുഴുവൻ തുകയുമില്ലെങ്കിൽ ഉള്ള പണം പിൻവലിക്കാം.
ബാക്കി തുക ബാങ്ക് അധികൃതർ ചെക്കിൽ രേഖപ്പെടുത്തും. ഈ തുകയുമായി ബന്ധപ്പെട്ട കേസിനായി സിവിൽ കോടതിയെ സമീപിക്കാം. തുടർച്ചയായി ചെക്ക് മടങ്ങുന്ന കമ്പനികൾക്ക് വീണ്ടും ചെക്ക് ബുക്ക് നൽകുന്നത് വിലക്കും. ശിക്ഷ നടപടികളിലും മാറ്റമുണ്ട്. നേരത്തെ, ചെക്ക് കേസുകളിൽ തുകയുടെ വലുപ്പത്തിനനുസരിച്ച് തടവോ പിഴയോ ആയിരുന്നു ശിക്ഷ. എന്നാൽ, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ, ജപ്തി പോലുള്ളവയാണ് ഇനി മുതൽ ആദ്യം ശിക്ഷയായി പരിഗണിക്കുക.
ഇത് നടക്കാത്ത സാഹചര്യത്തിലാണ് ജയിൽ ശിക്ഷയും യാത്രാവിലക്കും വിധിക്കുക. ചെക്ക് കേസുകൾ ക്രിമിനൽ കേസിന്റെ പരിധിയിൽ നിന്നൊഴിവാക്കിയെങ്കിലും സിവിൽ കേസിലൂടെ കടുത്ത നടപടികൾ നേരിടേണ്ടി വരുന്ന രീതിയിലാണ് പുതിയ നിയമ ഭേദഗതി. ഇനിമുതൽ പണമില്ലാത്തതിന്റെ പേരിൽ ചെക്ക് മടങ്ങിയാൽ നേരിട്ട് സിവിൽ എക്സിക്യൂഷൻ നടപടികളിലേക്ക് കടക്കും. നേരത്തെ വിവിധ നടപടിക്രമങ്ങൾക്ക് ശേഷമായിരുന്നു എക്സിക്യൂഷനിലേക്ക് പോകുന്നത്. എന്നാൽ, ഇനിമുതൽ ആദ്യം തന്നെ നിശ്ചിത ഫീസും മതിയായ രേഖകളോടുംകൂടി എക്സിക്യൂഷൻ കോടതിയെ സമീപിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.