ദുബൈ: ഐ.ടി രംഗത്ത് കേരളത്തിന്റെ കുതിപ്പ് തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റാര്‍ട്ടപ് മിഷന് (കെ.എസ്.യു.എം) വിദേശ രാജ്യങ്ങളില്‍ തുടങ്ങുന്ന സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങളിലെ ആദ്യകേന്ദ്രം ദുബൈയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇപ്പോഴുള്ള ഐ.ടി പാർക്കുകൾക്ക് പുറമെ രണ്ട് ഐ.ടി പാർക്കുകൾ കൂടി ആരംഭിക്കും. പുതിയ ഐ.ടി ഇടനാഴികളും തുറക്കും. അതിനായി സ്ഥലം ഏറ്റെടുപ്പ് നടക്കുന്നു. എറണാകുളം-ആലപ്പുഴ, തിരുവനന്തപുരം-കൊല്ലം, എറണാകുളം-കൊരട്ടി, കോഴിക്കോട്-കണ്ണൂർ എന്നിവയാണ് പുതുതായി ആരംഭിക്കാനിരിക്കുന്ന നാല് ഇടനാഴികൾ.
ലോകത്താകെയുള്ള പ്രമുഖ സ്ഥാപനങ്ങളെ കൊണ്ടുവരാനും ഐ.ടി മേഖലയെ ശക്തിപ്പെടുത്താനുമാണ് സർക്കാറിന്റെ ശ്രമം. സ്റ്റാർട്ടപ്പുകൾ യുവജനങ്ങളിൽ മാറ്റംകൊണ്ടുവന്നു. കേരളത്തിൽ പഠനശേഷം തൊഴിൽ നേടുന്നതിന് പകരം തൊഴിൽദാതാക്കളാവുക എന്ന വിപ്ലവകരമായ മാറ്റമുണ്ടായി. ഈ മാറ്റം കൂടുതൽ ഗുണകരമാക്കാനാണ് സർക്കാറിന്റെ ശ്രമം.
ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചത് നടപ്പാക്കുന്നുവെന്നും സ്റ്റാർട്ടപ് ഇൻഫിനിറ്റി ലോകത്തെയാകെ ബന്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലും മറുനാട്ടിലും സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരുണ്ട്. പുതിയ സംരംഭങ്ങളിൽ ഏറിയ പങ്കും സ്ത്രീകളുടേതാണ്.
4400 സ്റ്റാർട്ടപ്പുകൾ, 63ലേറെ ഐ.ടി ഇൻക്യുബേറ്ററുകൾ എന്നിവ 20000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 4500 കോടിയിലേറെ രൂപയുടെ നിക്ഷേപം സ്റ്റാർട്ടപ് വഴി എത്തി. താങ്ങാവുന്ന വേതനത്തിൽ ഏറ്റവും മികച്ച പ്രതിഭകളെ ലഭിക്കുന്ന നാട് എന്നനിലയിൽ കേരളം ഏഷ്യയിൽ ഒന്നാം സ്ഥാനത്തെത്തി. ആഗോളതലത്തിൽ നാലാം സ്ഥാനത്തുമാണ്.സ്കൂൾ വിദ്യാർഥികൾക്കായി ഐ.ടി ഇൻക്യുബേഷൻ സെന്ററുകൾ ആരംഭിക്കും.
സായിദ് മാരത്തൺ കേരളത്തിൽ നടത്താനുള്ള തീരുമാനത്തിന് പിറകിൽ നിങ്ങൾ പ്രവാസികളാണ്. സായിദ് മാരത്തൺ വിജയിപ്പിക്കാൻ പ്രവാസികൾ നാട്ടിലെത്തണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ഞായറാഴ്ച ദുബൈ താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷത വഹിച്ചു.
യു.എ.ഇയിലെ ഇന്ത്യന്‍സ്ഥാനപതി സഞ്ജയ് സുധീർ, കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക, സംസ്ഥാന ഐ.ടി സെക്രട്ടറി രത്തന്‍ യു. ഖേല്‍ക്കര്‍, ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫ് അലി, ആസ്റ്റര്‍ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ആസാദ് മൂപ്പന്, നോര്‍ക്ക റൂട്ട്സ് വൈസ്ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്, ഐ.ബി.എസ് എക്സിക്യൂട്ടിവ് ചെയര്മാന് വി.കെ. മാത്യൂസ്, നോർക്ക റൂട്ട്സ് അംഗം ഒ.വി. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.