ദുബൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കുവെച്ച മലയാളം ട്വീറ്റിന് അറബിയിൽ നന്ദി അറിയിച്ച് മുഖ്യമന്ത്രി. എല്ലാവർക്കും ആയുരാരോഗ്യം നേരുന്നുവെന്നും നിങ്ങളുടെ ആഥിത്യ മര്യാദയിൽ വിനയാന്വിതരാണെന്നും മുഖ്യമന്ത്രി അറബിയിൽ കുറിച്ചു. ഈ രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.
യു.എ.ഇയുടെയും ദുബൈയുടെയും വികസനത്തിന് കേരളത്തിൽ നിന്നുള്ളവർ നൽകുന്ന സംഭാവനകൾ അംഗീകിരിക്കുന്ന നിങ്ങളുടെ മനസിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. കേരളവുമായി യു.എ.ഇക്ക് സവിശേഷ ബന്ധമാണുള്ളതെന്നും ദുബൈയുടെയും യു.എ.ഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുവെന്നുമാണ് മലയാളത്തിൽ ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തത്. കേരള മുഖ്യമന്ത്രി പിണറായി വിജയന് എക്സ്പോ 2020യിലെ കേരള വീക്കിൽ സീകരണം നൽകിയപ്പോൾ എന്ന കുറിപ്പോടെയാണ് ട്വീറ്റ് തുടങ്ങുന്നത്.
വിവിധ രാഷ്ട്ര നേതാക്കൾ എക്സ്പോ സന്ദർശിക്കുമ്പോൾ ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്യാറുണ്ട്. എന്നാൽ, ഇംഗ്ലീഷിലും അറബിയിലുമാണ് സാധാരണ ട്വീറ്റ് ചെയ്യാറുള്ളത്. യു.എ.ഇക്കും ഇമാറാത്തി ഭരണകൂടത്തിനും കേരളത്തോടും മലയാളികളോടുമുള്ള പ്രത്യേക അടുപ്പമാണ് ശൈഖ് മുഹമ്മദിന്‍റെ ട്വീറ്റിൽ നിന്ന് വ്യക്തമാകുന്നത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും മുഖ്യമന്ത്രിയുടെ സന്ദർശനം ട്വീറ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.