ദുബൈ: വാഹനവുമായി നിരത്തിലിറങ്ങി അപകടമുണ്ടാക്കിയ രണ്ടു കൗമാരക്കാരെ ദുബൈ പൊലീസ് പിടികൂടി. പൊലീസ് പട്രോളിങ് വാഹനത്തിലിടിച്ച് അപകടമുണ്ടാക്കിയ 14നും 15നും ഇടയിൽ പ്രായമുള്ള രണ്ടുപേരെയാണ് അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറിയത്. അൽ വാർഖ പ്രദേശത്ത് പട്രോളിങ് നടത്തിയ പൊലീസ് സംഘം അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിക്കുന്നത് കണ്ട് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കുട്ടികൾ അനുസരിച്ചില്ല. തുടർന്ന് അമിതവേഗത്തിൽ പട്രോളിങ് വാഹനത്തിലിടിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് പൊലീസ് പിടികൂടി.
ലൈസൻസില്ലാതെ വാഹനമോടിച്ച കൗമാരക്കാർ പൊലീസുകാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവൻ അപകടത്തിലാക്കിയതായി റാഷിദിയ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സഇൗദ് ബിൻ സുലൈമാൻ അൽ മാലിക് പറഞ്ഞു. ഡ്രൈവർ 14 വയസ്സുകാരനും കൂട്ടുകാരന് 15 വയസ്സുമാണ്. പ്രാഥമിക അന്വേഷണത്തിൽ സഹോദര െൻറ വാഹനം അവരുടെ അറിവില്ലാതെ എടുത്തതായി കണ്ടെത്തി. നിരുത്തരവാദപരമായ പ്രവൃത്തിമൂലം ട്രാഫിക് നിയമപ്രകാരം ശിക്ഷിക്കപ്പെടുമെന്നും സഇൗദ് ബിൻ സുലൈമാൻ അൽ മാലിക് പറഞ്ഞു.
ലൈസൻസില്ലാതെ അശ്രദ്ധമായി വാഹനമോടിച്ചതിനും റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടത്തിലാക്കിയതിനും പൊലീസ് കാറിൽ ഇടിച്ചതിനും പൊതുസ്വത്ത് നശിപ്പിച്ചതിനും രണ്ടുപേരെയും ദുബൈ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു.കൗമാരക്കാരെ കൃത്യമായി നിരീക്ഷിക്കണമെന്നും പ്രായപൂർത്തിയാകാതെയും ലൈസൻസ് ഇല്ലാതെയും വാഹനം ഓടിക്കുന്നത് കർശനമായി തടയണമെന്നും ബ്രിഗേഡിയർ സഇൗദ് ബിൻ സുലൈമാൻ അൽ മാലിക് മാതാപിതാക്കളോട് അഭ്യർഥിച്ചു. ട്രാഫിക് അപകടങ്ങൾക്കും ജീവൻ അപകടത്തിലാക്കാനും ഇതു വഴിയൊരുക്കും. മാതാപിതാക്കൾ കുട്ടികളെ കർശനമായി നിരീക്ഷിക്കണം -അൽ മാലിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.